ബുധനാഴ്‌ച, ജൂൺ 13, 2018


പതിമ്മൂന്ന്തൊള്ളായിരത്തി പതിമ്മൂന്നാം  നമ്പര്‍  മുറിയുടെ
താക്കോല്‍  തരുമ്പോള്‍
മാനേജരുടെ  മുഖത്ത്
പേടിയുള്ള ഒരു  ചിരിയുണ്ടായിരുന്നു
നടന്ന് കയറേണ്ട
ഒമ്പത് നിലകളുടെ  കിതപ്പുണ്ടായിരുന്നു

മരിക്കാനൊരുങ്ങി   വന്നവന്
എന്ത്   പതിമ്മൂന്ന്   
എന്ത്  തൊള്ളായിരത്തി  പതിമ്മൂന്ന്
എന്നൊരു   ആത്മഗതം
മറുപടിയായി   വായുവില്‍    കാച്ചിയിരുന്നു

അങ്ങനെയിരിക്കെ
ഒരു  പതിമ്മൂന്നാം   തിയതി
പതിമ്മൂന്നില്‍  അവസാനിക്കുന്ന  ടിക്കറ്റിനു
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  മുറിയിലേക്ക്
പത്തമ്പത്  ലക്ഷം  ലോട്ടറിയടിച്ചു

ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  നമ്പര്‍ മുറിയിലേക്ക്
ബാങ്കുകാര്‍
പൂച്ചെണ്ടുകളുമായി  വന്നു
പത്രക്കാര്‍   ചോദ്യങ്ങളുമായി  വന്നു
കൂട്ടുകാര്‍   കുപ്പികളുമായി   വന്നു
ചെറുപ്പക്കാര്‍
പുത്തന്‍  പ്രൊജക്ടുകളുമായി  വന്നു

നാട് വിട്ട് കുറേക്കാലമായി
ഒരു വിവരവുമില്ലാതിരുന്ന വകയിലെ ചേട്ടന്‍
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം നമ്പര്‍ മുറി
കണ്ട് പിടിച്ച് മുകളില്‍ എത്തിയതായിരുന്നു
പരമ്പരയിലെ ഏറ്റവും നല്ല ഹൈലേറ്റ്


എപ്പോഴും  പൂട്ടായി  പോകുന്ന
ലോക്കിനു  പകരം
പുത്തനൊന്ന്  നിധി  പോലെ  കൈമാറും നേരം
മാനേജര്‍   പറഞ്ഞു

സാറു  വന്നത്  നന്നായി
ഞാനീ  മുറിക്ക്
പന്ത്രണ്ട്  ( രണ്ട് )  എന്നോ
പതിനാലു  ( രണ്ട് )  എന്നോ
പേരിടാന്‍  പോവുകയായിരുന്നു

ആഹാ,  അതു ശരി
ഞാനിപ്പോള്‍ 
ഒമ്പതാം നിലയിലെ
ഈ മുറിക്ക്
പതിമ്മൂ‍ന്ന്  ഒന്നാമന്‍
എന്ന്  പേരിടാന്‍  പോവുകയാണു

അതേക്കുറിച്ചും
ഒരു  കവിതയെഴുതാന്‍  പോവുകയാണു


13/ 06/2018

 kozhicut poems # calikode poetry # കണ്ടംകുളം ക്രോസ് റോഡ് കവിതകള്‍ # 


അഭിപ്രായങ്ങളൊന്നുമില്ല: