ഞായറാഴ്‌ച, ജൂൺ 24, 2018


കിളി പോയി


മഴ കഴിഞ്ഞ
പാതിരാത്രിയിൽ
വേറെയാരെയും കൂട്ടാതെ
വിരിഞ്ഞ റോഡിലൂടെ
പറന്നങ്ങനെ
ആകാശം
നോക്കി നടക്കുമ്പോൾ
ദേ , ഒരു ബോർഡ്

Sparrow Trading

അത് കൊള്ളാം

കുരുവിക്കച്ചവടം
പക്ഷി വ്യാപാരം
പറവകൾ വിൽക്കപ്പെടും

വിവർത്തകൻ എന്ന നിലയ്ക്ക്
റാ ഷാ എന്ന രവിശങ്കറിനേയും
ആൽബർട്ടോ കെയ്റോ എന്ന
ബാബു രാമചന്ദ്രനേയും
ട്രോളാൻ തീരുമാനിച്ചു

ഞാനാ
കുരുവി ഫാക്ടറിയിലേക്ക് ,
പക്ഷി മാർക്കറ്റിലേക്ക് ,
പറവകളുടെ
ഹോൾസെയിൽ കേന്ദ്രത്തിലേക്ക്
ബെല്ലടിക്കാതെ കയറിച്ചെന്നു

ഒരൊറ്റ
കുരുവിക്കുഞ്ഞിനെപ്പോലും
ഉണർത്തരുതെന്ന
നിർബന്ധമുണ്ടായിരുന്ന ആ ഞാൻ
ഒച്ചയുണ്ടാക്കാതെ
അനങ്ങാതെ
ഒന്നുമേ
ചിന്തിക്ക പോലും
ചെയ്യാതെയാണ്
ചെന്ന് കേറിയത്

ഗേറ്റിൽ
പറവയില്ല
പാറാവുകാരൻ
പഴയ പട്ടാളക്കാരൻ
എന്തൊരുറക്കം

മുന്നോട്ട് തന്നെ നടന്നു
ആരുമില്ല

ആ രണ്ട് പൂച്ചക്കണ്ണുകൾ എവിടെപ്പോയി

ജനൽ
പതിയെ
തള്ളി
ഞാനൊളിഞ്ഞു നോക്കി

അറിയാത്ത
ഏതോ
ഒരു ഭാഷയിൽ
ഒരു പയ്യൻ
സകല വ്യാകരണവും
തെറ്റിച്ച്
തളർന്നുറങ്ങുന്നു

ഭായ് ഭായ്
പറവകൾ കേൾക്കാതെ ഞാൻ വിളിച്ചു


ഏതോ
ഒരു ഭാഷ
കണ്ണും
തിരുമ്മി
എണീറ്റു വന്നു

വല്ലാതെ പാവം തോന്നി

കുറ്റബോധത്താലും,
ശബ്ദം താഴ്ത്തിയും
ഞാനവനോട് ചോദിച്ചു

കിളികൾ ?

അവൻ പറഞ്ഞു

കിളി പോയി

കിളി പോയി ?

കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി 

ലോകത്തിലെ
മുഴുവൻ മനുഷ്യരും ചേർന്ന്
പല ഭാഷയിൽ പാടുകയാണ്

കിളി പോയി എന്ന്

ഒന്നും പറവാനില്ല


# പിന്നെ ഞാൻ ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്
പോയ കിളിയെ തെരയുക എന്നതൊഴിച്ച്

അഭിപ്രായങ്ങളൊന്നുമില്ല: