വ്യാഴാഴ്‌ച, മാർച്ച് 28, 2013
അല്ല. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല
ബുധനാഴ്‌ച, ഫെബ്രുവരി 20, 2013
നിരുത്തരവാദപരമായ ഒരു ദിവസം
അത്രയും നിരുത്തരവാദപരമായ ദിവസമായിരുന്നു അത്
കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും , ചിലപ്പോൾ ജനിച്ചിട്ടില്ലാത്തതുമായ
ഒരു ചെടിക്ക് പേരും അതിന്റെ പൂവിനു നിറവും
കായ്കൾക്ക് ആകൃതിയും കൊടുത്താൽ
അതെത്ര നന്നായിരിക്കും എന്ന് വിചാരിച്ചിരിക്കേ
കണ്ടോ , ദേ നിങ്ങളാ ചെടിയിൽ തൊട്ടു
ദേ മറ്റയാൾ പൂവിൽ തൊടുന്നു കായ്ക്കൾ മണക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഈ ചെടിയുടെ
വിരിഞ്ഞിട്ടില്ലാത്ത പൂവ് ഹായ് അതവള്‍ക്ക് കൊടുക്കണം
എന്ന് വരെ ഒരാൾ തീരുമാനിച്ചു കഴിഞ്ഞു
ഇല്ലേ, ഇക്കാര്യത്തിലെങ്കിലും നുണ പറയരുത്
കൂടുതൽ കളിച്ചാൽ ഈ ലോകത്തിൽ
എനിക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആ ചെടിയെ ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും
സാംങ്ഷനായ ലോൺ വേണ്ടെന്ന്
ബാങ്ക് മാനേജരോട് മുഖത്തടിച്ച് പറയുന്നപോലെ
ഇത് ഒരു നിരുത്തരവാദപരമായ ദിവസമാണല്ലോ
ഇപ്പോഴത്തെ നിങ്ങളെപ്പോലെ
ഇപ്പോളെനിക്കും ഈ ചെടിയെക്കുറിച്ച് ,അതിന്റെ പൂവിനെക്കുറിച്ച്
നിറത്തെക്കുറിച്ച് മണത്തെക്കുറിച്ച് കായ്കളെക്കുറിച്ച്
വിത്താകേണ്ട കുരുക്കളെക്കുറിച്ച്
കൌതുകവും, അത്ഭുതവും ആശ്ചര്യവും അതിലേറെ സങ്കടവുമുണ്ട്
ശ്ശ്... തൊടല്ലെ പൂവിനെ ചെടിയെ കായിനെ
ഇക്കണക്കിനാണെങ്കിൽ ഞാനെന്റെ വഴിക്ക് പോകും
തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണിന്ന്
നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു
ഇല്ലേ നിങ്ങളാ ചെടിക്ക് വെള്ളം കോരാൻ പോയി
വളം വാങ്ങിക്കാൻ പോയി വേലി കെട്ടാൻ പോയി
എന്തിന് കളകളെ നശിപ്പിക്കുന്ന സ്പ്രേ വരെ വാങ്ങിവച്ചു
ഇല്ലേ ?
സത്യമായിട്ടും ഇനി ഞാൻ പറയില്ല
ഇത് അവസാനത്തേതാണ്
ഇന്ന് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്
ആ ഇതെവിടെ നിന്നും വന്നൂ ഈ പൂമ്പാറ്റകൾ
വരുന്ന വരവ് കണ്ടോ
ഇനിയും ജനിച്ചിട്ടില്ലാത്ത ഒരു ചെടിയുടെ കാറ്റടിച്ചാൽ മതി
വന്നോളും
പൂമ്പാറ്റകളാണത്രെ പൂമ്പാറ്റകൾ
ആ , നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
കണ്ണില്‍ക്കണ്ട കാറ്റിനോടും, കാണാത്ത കാറ്റിനോടുമൊക്കെ
പറഞ്ഞപ്പോൾ സമാധാനമായല്ലോ ?
എനിക്ക് മതിയായി ഞാൻ പോവുകയാണ്
ഇത് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്
ഇനിയും ഇവിടെ നിന്നാൽ
ഇനിയും ജനിച്ചിട്ടില്ലാത്ത ആ ചെടിയെക്കുറിച്ച് പറഞ്ഞാൽ,
ആ പൂവ് വിരിയിച്ചാൽ കായ്കൾക്ക് തുടം വച്ചാൽ
നിങ്ങൾ വേണമെങ്കിൽ ഓട്ടോ പിടിച്ച് വരും
എന്റെ സ്വപ്നത്തിന്റെ നിറം എന്ന് കവിതയെഴുതും
പല പോസിൽ പടങ്ങളെടുത്ത് ഫേയ്സ്ബുക്കിലിടും
ഈ പൂവ് കൊടുക്കാൻ വേണ്ടി മാത്രം ഒരാളെ പ്രേമിക്കും
(ശ്ശൊ അത് കഴിയുമ്പോൾ അയാൾ ഒറ്റയ്ക്കാവും )
വീണപൂവ് എന്ന കവിത തപ്പിയെടുത്ത് പോസ്റ്റും
ഞാൻ പോകുന്നു എനിക്ക് വെറേ പണിയുണ്ട്
തീര്‍ച്ചയായും ഇത് നിരുത്തരവാദപരമായ ഒരു ദിവസമാണെങ്കിലും
(കൂട്ടുകാരായ ലതീഷ് മോഹൻ, വിഷ്ണുപ്രസാദ്, നസീർ കടിക്കാട് എന്നീ കവികൾ ഈ കവിതയിൽ വരുന്നുണ്ട്. അത് ഒഴിവാക്കാനാവാത്തതാണു. )
വ്യാഴാഴ്‌ച, ജനുവരി 31, 2013
ഞങ്ങൾ രണ്ട് പേർ
4.35 പി എം
അമ്മിണിയുടെ കൈക്കൂലി , അപ്പയുടെയും
ബുധനാഴ്‌ച, ജനുവരി 30, 2013
നല്ല കാര്യമായി
ജീവിതകാലം മുഴുവൻ വെള്ളത്തിൽ കിടന്നതിന്റെ തണുപ്പകറ്റാൻ
വെയിലുകൊള്ളുന്നതാണു
ഉണക്കമീനെന്നോ ?
നിങ്ങടെ ഈ അളിഞ്ഞ ഭാഷ വല്ല കവിതയിലും കൊള്ളാം
ആഖ്യാനമോ വ്യാഖാനമോ എന്തും
തുടർന്നങ്ങോട്ട് പൊരിയുന്നതിനു മുൻപ്
വെയിലു കൊണ്ട് പരിശീലിക്കുന്നതിനെ
ഉണക്കമീനെന്ന് കളിയാക്കരുതു
ജീവിതകാലം മുഴുവൻ വെയിലത്ത് കഴിയുന്ന നിങ്ങളെ
ഞങ്ങൾ ഉണക്കമനുഷ്യരെന്ന് വിളിക്കാറുണ്ടോ
വല്ലപ്പോഴും കടലിൽ വരുമ്പോൾ
പച്ചമനുഷ്യർ എന്ന് വിളിക്കാറുണ്ടോ
ഉണക്കമീനേ, നല്ല കാര്യമായി
ചൊവ്വാഴ്ച, ജനുവരി 29, 2013
പെടക്കണ പെടക്കണ പെടക്കണ മീനുകൾ
പതിവ് പോലെ ഈ കവിതയിലും വീരാൻ മീങ്കാരനാണു
അതെ . അയാളെ നോക്കിയാണു ഇരിക്കുന്നത്
ഭാര്യയില്ലാത്ത തക്കം നോക്കി രണ്ട് മീൻ വാങ്ങി ഒറ്റയ്ക്ക് പുഴുങ്ങിത്തിന്നാൻ പോവുകയാണു
വെജിറ്റേറിയനാണേന്നോ ഇപ്പോൾ തന്നെ പൊയ്ക്കൊളൂ . ദാ ഇതിലേ പൊയ്ക്കോളൂ. ഇവിടെ മീനും ഇറച്ചിയും ഇല്ലാതെ പറ്റില്ല
പോവാത്തവരേ ,ഒരു മിനിറ്റേ വീരാൻ വന്നെന്ന് തോന്നുന്നു
ആ വന്നു. വന്നു .അരമണിക്കൂർ നീളമുള്ള ആ പൂയ് കേട്ടില്ലേ
അകമ്പടിയായ് ആ കണ്ടനെ കണ്ടില്ലേ
നല്ല മീനേതാണെന്ന് നോക്കട്ടെ, പോകല്ലേ
ദാ വന്നു
ഇല്ല വന്നില്ല നിങ്ങളും പൊയ്ക്കോളൂ
എന്തോ ഒരു കുഴപ്പമുണ്ട്
നിങ്ങൾ പൊയ്ക്കോളൂ
ആഹാ പോയില്ലേ
എന്തോ അല്ല കുഴപ്പമുണ്ട്
വീരാൻ വന്നു. മീങ്കാരൻ വീരാൻ വന്നു
പൂയ് വന്നു. കണ്ടനും വന്നു
വീരാന്റെ വണ്ടിയിൽ കൊട്ടയില്ല
വീരാന്റെ വണ്ടിയിൽ ഒരു മഞ്ചപ്പെട്ടി
എന്താ പേടിയാണെന്നോ, പൊയ്ക്കോളൂ
ദാ അതിലേ പൊയ്ക്കോളൂ
വീരാൻ കോണ്ട് വന്നതല്ലേ , ഇനിയിവിടെ മഞ്ചപ്പെട്ടിയില്ലാതെ പറ്റില്ല
എന്താ വീരാനെ ഇത് മീൻ നോക്കിയിരിക്കുമ്പോൾ
എന്താണു ഒരു മഞ്ചപ്പെട്ടി. ഞാൻ ചോദിച്ചു
വേണമെങ്കിൽ നിങ്ങളും ചോദിച്ചോളൂ
തിരക്കോ പൊയ്ക്കോ കാറു വരുമെന്നോ പൊയ്ക്കോളൂ
നല്ല സമയമുണ്ടെങ്കിൽ മാത്രം നിന്നാൽ മതി
എനിക്കെന്തായാലും മീൻ തിന്നെ പറ്റൂ
വീരാൻ ചോദിക്കയാണു. എന്താ മോനേ, നീയൊരു കവിയല്ലേ
മഞ്ചപ്പെട്ടിയിൽ മീൻ കൊണ്ട് വന്നാൽ എന്താ മോനെയെന്ന്
ശ്ശൊ , ഞാനെന്ത് പറയണം
നിങ്ങൾ പറ, ഞാനെന്ത് പറയണം
എന്നും ഇങ്ങനെ തന്നെ പോകണം
മഞ്ചപ്പെട്ടി നോക്കാൻ ഈ പാവം കവിയുണ്ടല്ലോ അല്ലേ
മഞ്ചപ്പെട്ടിയിൽ നല്ല പിടക്കണ ചാള നല്ല പിടക്കണ അയില നല്ല പിടക്കണ ആവോലി നല്ല പിടക്കണ നത്തോലി നല്ല പിടക്കണ പൂമീൻ നല്ല പിടക്കണ സ്രാവ്, നല്ല പിടക്കണ നെയ്മീൻ നല്ല പിടക്കണ കൊഴുവ നല്ല പിടക്കണ കണവ നല്ല പിടക്കണ കിളിമീൻ നല്ല പിടക്കണ തിരുത നല്ല പിടക്കണ കണമ്പ് നല്ല പിടക്കണ തിരണ്ടി നല്ല പിടക്കണ …
നിങ്ങൾ പോയി അല്ലേ. ശരി ശരി എത്ര നേരമായി നിങ്ങടെ ആരോ ഫോണിൽ വിളിക്കുന്നു അല്ലേ. ശരി ശരി പോയി പറയൂ. പെട്ടു പോയി. ഒരു മീൻ കൊതിയൻ കവിയുടെ , കവിയുടെ വീരാന്റെ ,വീരാന്റെ മഞ്ചപ്പെട്ടിയിൽ പെട്ടു പോയി എന്ന്. ഒരുമ്മയും കൊടുക്ക് . നല്ല പെടക്കണ ഉമ്മ. വഴക്ക് മാറട്ടെ
എനിക്ക് മീങ്കാരൻ വീരാന്റെ ചോദ്യത്തിൽ നിന്ന് ഒഴിയാൻ വയ്യ.
ഈ പെടക്കണ മീനുകൾ നിറഞ്ഞ ഈ മഞ്ചപ്പെട്ടിയിൽ തന്നെ നോക്കി നോക്കി നിൽക്കുകയാണു
സമയമാം രഥത്തിൽ ഞാൻ… എന്ന പാട്ട് കൂടി ആയാലോ എന്ന് വീരാനോട് ആലോചിക്കുകയാണു
നിങ്ങളും പൊയ്ക്കോളൂ

വെള്ളിയാഴ്‌ച, ജനുവരി 25, 2013
ഒരു രക്ഷയുമില്ലാത്ത കവിത
തുടങ്ങും മുൻപ് ചിലത് പറയാനുണ്ട്. ചിലതല്ല . മൂന്ന് കാര്യങ്ങൾ. ഒന്ന് . ഈ കവിതക്ക് ലൈക്കടിക്കരുതു. ലൈക്കും ഒരു അടിയായതുകൊണ്ടല്ല. അത് ശരിയാകില്ല. ഇത് ഒരു രക്ഷയുമില്ലാത്ത കവിതയാണു. രണ്ട് . ഈ കവിത നല്ലതാണെന്ന് പറയരുതു. ഒരു രക്ഷയും ഇല്ലാത്ത കവിതക്ക് ഒരു നല്ലത് ശരിയാകില്ല. ഒന്നും വിചാരിക്കരുത്. ശരിയാകാത്തത് കൊണ്ടാണു.
എനിക്കൊരു കൂട്ടുകാരനുണ്ട്. പ്രദീപ്. നിങ്ങൾ ചിലപ്പോഴറിയും. ഫേസ് ബുക്കിലുണ്ട് . അവന്റെ ആരോ ആണു. ഇന്നാളൊരു ദിവസം മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. ഫെയ്സ് ബുക്കിലുണ്ടോ എന്നറിയില്ല. ആ എന്തായാലും മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രാക്കിലായിരുന്നു. മരിച്ച് പോയി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രെയിൻ വരുന്നത് കണ്ടില്ല. കേട്ടില്ല എന്നല്ലേ. ആ എന്തേലുമാകട്ടെ. മരിച്ചു പോയി. തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. വിളിച്ച് കൊണ്ടിരുന്നത് ആരായിരുന്നെന്നോ. ആവോ അറിയില്ല. ചോദിച്ചുമില്ല. ഇനിയൊട്ട് ചോദിക്കയുമില്ല. ഒരു പെൺകുട്ടിയാണെന്നാ പറഞ്ഞെ. അതെ മരിച്ച് പോയി. തീവണ്ടിമുട്ടി. പെൺതീവണ്ടി മുട്ടി മരിച്ചു എന്നോ. എനിക്കറിയില്ല. അത് കവിതയിൽ ആയിക്കോളൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു
എനിക്ക് മറ്റൊരു കൂട്ടുകാരനുണ്ട്. കൂടെ ജോലിചെയ്യുന്നു. പേരു ഉണ്ണിക്യഷണൻ. ഉണ്ട്. ഫേസ് ബുക്കിലുണ്ട്. അവന്റെ വകയിൽ ഒരു അനിയൻ മരിച്ചുപോയി. അല്ല തീവണ്ടി മുട്ടിയല്ല. ഒരു ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് വീണു. മരിച്ചുപോയി. ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണു. അവനും ഫോൺ ചെയ്യുകയായിരുന്നു. താഴേക്ക് താഴെക്ക് വീണു മരിച്ചുപോയി. അതെ ഫോൺ ചെയ്യുകയായിരുന്നു. കെട്ടാൻ പോകുന്ന പെൺകുട്ടിയായിരുന്നു.പെൺകുട്ടിയോ ? ഫെയ്സ് ബുക്കിലോ ?എനിക്കറിയില്ല. മരിച്ചു പോയി. ഫോൺ ചെയ്യുമ്പോൾ ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് താഴേക്ക് വീണു. ഫ്ലാറ്റോ ? ആണോ പെണ്ണോ എന്നോ. അറിയില്ല. അത് ഏതെങ്കിലും കവിയോട് ചോദിക്കൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു
ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ തീവണ്ടി മുട്ടി മരിച്ചു എന്ന്. ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ ഫ്ലാറ്റിന്റെ ജനാലയിൽ നിന്നും വീണു മരിച്ചു എന്ന്. രണ്ട് പേരും മരിച്ചോ എന്നോ
ഞാനീ പറഞ്ഞ രണ്ടും പേരും മരിച്ചു എന്നോണോ ? അതെ പറഞ്ഞല്ലോ രണ്ട് പേരും മരിച്ചു.
അപ്പോൾ വിളിച്ചവരോ എന്നോ ?
ഈ കവിതയുടെ തുടക്കത്തിൽ മൂന്ന് കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞിരുന്നു. നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അതിലെ രണ്ടെണ്ണം. മൂന്നാമത്തെ അത് തന്നെയാണു. മരിക്കാത്തവരെ പറ്റി ഒന്നും ചോദിക്കരുത്.
ചോദിച്ച് കൊണ്ടിരിക്കെ ചോദിച്ചുകൊണ്ടിരിക്കെ ഒരു ട്രെയിൻ വരും. ഫ്ലാറ്റിൽ നിന്നും താഴേക്ക് താഴേക്ക് വീഴും.
നിങ്ങൾ അറിയില്ല എന്ന് മാത്രമേയുള്ളൂ
ഇത് ഒരു രക്ഷയുമില്ലാത്ത കവിതയാണു
വെള്ളിയാഴ്‌ച, ജനുവരി 04, 2013
ഞായറാഴ്‌ച, ഡിസംബർ 30, 2012
തൊങ്കിത്തൊട്ടം
ശനിയാഴ്‌ച, ജൂൺ 30, 2012
കേട്ടെഴുത്ത്
കഴിഞ്ഞ ജന്മത്തിൽ ഒരു ഭീരുവായിരുന്നു
ഈ ജന്മത്തിൽ ഒരു കവിയെങ്കിലുമായാൽ
രക്ഷപ്പെടുമെന്ന അമ്മയുടെ വാക്കുകളോര്‍ത്ത്
കവിതകള്‍ക്കു പഠിക്കാൻ തീരുമാനിച്ചു.
വൈലോപ്പള്ളിയുടെ മാമ്പഴത്തിന്റെ
അഞ്ചാം വരി ചൊല്ലിയ അന്ന്
ടീച്ചറെന്നെ തല്ലി
പിന്നീട് ഇടശ്ശേരിക്കു പഠിക്കാൻ തീരുമാനിച്ചു
ഭൂതങ്ങളായ പൂതങ്ങളൊക്കെ വന്നു പേടിപ്പിച്ചപ്പോൾ
അമ്മേയെനിക്കു പേടിയാകുമെന്നു പറഞ്ഞു മൂക്കിലോളിച്ചു.
പിന്നെ കടമ്പനാട്ടേയ്ക്കു പോയി
നിന്നു കരഞ്ഞിട്ടും
നിന്നു ചിരിച്ചിട്ടും
നിന്നു നിന്നങ്ങനെ ആടിയിട്ടും
ആ കാവു കണ്ടതേയില്ല
പിന്നെ സച്ചിയെങ്കിൽ സച്ചി
ഉണ്ണീ ഉറങ്ങരുത്
ഉറക്കം ദുസ്വപ്നത്തിന്റെ താക്കോല്‍ കൂട്ടമാണെന്നു മാത്രം പഠിപ്പിച്ച്
ഒരു ഇടവഴിയിലേക്കിറക്കി വിട്ടു നീ
ഒരിടവഴി കാണിച്ച് തന്നത് പുഴയാണു.
അതിൽ നിറയെ മുങ്ങി
പിന്നെ ജോൺ
ജോണിനു പഠിക്കാൻ പോയൊരാൾ
എറണാകുളത്തു നിന്ന് തിരിച്ച്
വീട്ടിൽ വന്ന്
അവന്റെ തന്നെ സ്വന്തം മേരിപ്പെങ്ങളോട്
അയാളുടെ തന്നെ തോമന്റെ സ്വന്തം ചിരിയിൽ
ഈ കല്ലോക്കെ നീയെടുത്തോ, ഉപകാരപ്പെടുമെന്ന്
ജോൺ ഭാഷയിൽ പറയാൻ നോക്കി.
പിന്നീടായിരുന്നു അയാൾ ബാലനാവാൻ നോക്കിയത്
നടത്തം കൊണ്ടും
നോട്ടം കൊണ്ടും
ശബ്ദം കൊണ്ടും
അയാളെത്തന്നെ പറ്റിച്ചു നടന്നു
അയാൾ പിന്നെ ലോകത്തെയും
പിന്നീടായിരുന്നു അയ്യപ്പൻ
ആലുവാചന്തയിൽ നിന്നും
ആലുവാ പുഴയിലേയ്ക്കു നടക്കുമ്പോൾ
നിന്റെ ഇടതുകൈ
എന്റെ വലതുകൈയ്യിനെ ചേര്‍ത്തു പിടിച്ചു
പിച്ചക്കാരോടൊപ്പം
ഒരു പെഗ്ഗടിക്കുന്നതിന്റെ
അത്യാഹ്ലാദത്താൽ
ഞാൻ നിന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുപോയി
നേരം പുലര്‍ന്നപ്പോൾ
നമ്മള്‍ കൊടുങ്ങല്ലൂരായിരുന്നു
ഭരണിയൊന്നുമായിരുന്നില്ല
ഒരു ചെറിയ പച്ചക്കുപ്പി
അതിന്റെ മാത്രം ബലത്തില്‍ നീ അന്നെന്നോട്
ഒരാളെ തൊടണമെന്നു പറഞ്ഞു
ഒക്ടോബർ 21 രാത്രിയിൽ
ഞാൻ ഒരിടത്ത് കിടന്നുറങ്ങുകയായിരുന്നു
അന്നു രാത്രി
നീയെന്നെ സ്വപ്നത്തിൽ വന്നു വിളിച്ചു
നെറ്റിയിൽ പറയാൻ പറ്റാത്തയെല്ലായിടങ്ങളിലും
ചാരായത്തിന്റെ മണമുള്ള ഉമ്മകൾ തന്നു
പിറ്റേന്നു രാവിലെ ഞങ്ങൾ കുറേ കരഞ്ഞു
പിന്നെ കുറേ ചിരിച്ചു.
അപ്പോഴുമുണ്ട് പിന്നെയും
അക്ഷരമാലയിൽ കല്പറ്റ
ജെസ്സിയെ തുഴഞ്ഞു പോയ കുരീപ്പുഴ
സമനിലയിൽ കെ.ആർ.. റ്റോണി
അഞ്ചടി ആറിഞ്ചിൽ വി ആർ സന്തോഷ്
എർണാകുളത്തിന്റെ പാലിയത്ത്
മരംകൊത്തിയായനിലൻ
പ്രാന്തായ് നിലാവായ് കരിയാട്
കോമയിൽ കുത്തായി കുറൂർ
പച്ചമുക്കുത്തിയായ് പി .പി .രാമചന്ദ്രൻ
ഗ്രോസറിയിലെ നസീർ കടിക്കാട്
മകൻ മരിച്ചുപോയ ശ്രീകുമാരന്‍ തമ്പി
പച്ചപ്പാട്ടെഴുതിയ വി.ടി. മുരളി
ഉപമകൾ തോറ്റു പോകും സാബു ഷണ്മുഖം
കഴിഞ്ഞ ജന്മത്തിൽ
ഞാന്‍ വലിയ ഭീരുവായിരുന്നുവെന്ന് അമ്മ വിചാരിച്ചു
ഈ ജന്മത്തിലും ഏറ്റവൂം വലിയ ഭീരുവാണ്
എന്നമ്മയോട് പറയാൻ പോകുമ്പോൾ
കവി
കവിത
അക്കിത്തം
അന്ത്യ പ്രലോഭനം
യേശുക്രിസ്തു
മണ്ണാങ്കട്ട
എന്റെയും നിന്റെയും
കല്ലറകള്‍ക്കു മീതെ കരുതിവെച്ച
ഒരു മുക്കുറ്റിപ്പൂ.
ബുധനാഴ്‌ച, നവംബർ 09, 2011
ബേക്കറി
ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു
ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു
എന്തൊരു കയ്പ്പ്
എന്നായി ആളുകൾ
ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ
പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു
കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ
പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ
പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു
യാചകൻ ചിരിച്ചു
Labels: 2001 / മുൻപ് എഴുതിയത്
തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011
ആത്മഹത്യ
കടുത്ത ഏകാന്തതയായിരുന്നു സിംഹത്തിനു
വഴക്കാണു ഞാൻ നിന്നോട് ലോകമേയെന്ന്
ഹ്യദയത്തിൽ പാടിയാണു നടന്നിരുന്നത്
ഒരേ പച്ചപ്പിഞ്ഞാണത്തിനിൽ നിന്നുള്ള
മുയലുകളുടെ തീറ്റകണ്ട് ഛർദ്ദി
വെള്ളത്തിലും വെയിലിലും നനഞ്ഞ്
മുതലകൾ കിടക്കുന്ന കാഴ്ച്ചയിൽ പനി
അയൽക്കാര്യങ്ങളിൽ തലയിട്ടുള്ള
ജിറാഫിന്റെ നിൽപ്പിൽ കഴുത്തിടറൽ
സാക്ഷിവിസ്താരഭയം നിമിത്തം
കയ്യും തലയും പുറത്തിടാതെയുള്ള
ആമ നിശ്ച്ചലതയിൽ കോച്ചിപ്പിടുത്തം
കുറുക്കന്മാരുടെ സ്തുതിവചനങ്ങളാൽ ബധിരത
രോഗങ്ങളാൽ ഏകനിൽ ഏകനായി
ആകാശത്തിലും ഭൂമിയിലും
മരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തോടായിരുന്നു അസൂയ
ഉറുമ്പുകൾ തേനീച്ചകൾ മാൻ കൂട്ടങ്ങൾ
സംഘം ചേരുമ്പോഴുള്ള
നട്ടെല്ലുവഴക്കത്തെക്കുറിച്ചായിരുന്നു അത്ഭുതം
മാളമായിരുന്നു പേടി
ധൈര്യമായിരുന്നു എ ടി എം കാർഡ്
മണ്ണിൽ പതിയുന്ന രാജമുദ്രകൾ
ജീവസാമീപ്യത്തിന്റെ എല്ലാ വഴികളും
അടച്ച് കളയുന്നതിലായിരുന്നു സങ്കടം
ചെടികൾക്കിടയിലൂടെയുള്ള യാത്രയിൽ
കൊടുംങ്കാറ്റിന്റെ ഹ്യദയമായിരുന്നു
‘അഗ്നി വിഴുങ്ങിയ മ്യഗരൂപം’
എന്നായിരുന്നു
ആനകളുടെ അടക്കം പറച്ചിൽ
ഏകാന്തതയുടെ പട്ടുകുപ്പായമഴിച്ചുവെച്ച്
പോരൂവെന്ന് ജലം ക്ഷണിച്ചു
ഇണയായിരുന്നു കിണറ്റിൽ
അവന്റെ ലക്ഷ്യം
(അഞ്ചെട്ട് വർഷം മുൻപ് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ വന്ന കവിതയാണു.
ഇപ്പോൾ വീണ്ടും കിട്ടി.
ബ്ലോഗിൽ ആദ്യം.
സമ്പാദ്യം എന്ന വാക്ക് എ ടി എം എന്ന് മാറ്റിയിട്ടുണ്ട്.)
Labels: പഴയ കവിത
തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011
അവൾ വെജിറ്റേറിയനും ഭക്തയുമായത്
വെജിറ്റേറിയൻ
കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും
തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു
നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും
വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി
ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി
ഭക്ത
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി

