ദൈവം നേര്‍ രേഖയില്‍ വന്ന
ആദ്യത്തെ ദിവസം
വേരുകളും ഇലകളും
മറന്നു പോയ മരത്തിന്
മുന്നില്‍ വസന്തം
വഴിതെറ്റിയ മഴക്കാര്‍
കൂട്ടുകാരോട് പറയുന്ന
പരിഭവത്തിന്റെ നേര്‍ത്ത ഒച്ച
ജലത്തിനു മാത്രം കേള്‍ക്കാവുന്ന
ദേവതയുടെ ശബ്ദം
പുല്ലുകള്‍ പൂമുഖത്ത്
വാഴുന്ന പൂന്തോപ്പ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത വീട്
ശലഭങ്ങള്‍ മഴയത്ത് തുള്ളുന്ന
നിമിഷങ്ങളുടെ കൂമ്പാരം
മിന്നാമിനുങ്ങുകളുടെയും
ഈയ്യാമ്പാറ്റകളുടെയും
ചിറകുകള്‍ ചേര്‍ന്നുണ്ടായ
കളിവീട്
ഒട്ടകങ്ങള്‍ കാറ്റ് കൊള്ളുന്ന കടല്‍ക്കര
മീന്‍ കുഞ്ഞുങ്ങള്‍
മറന്ന് വച്ച് പോയ
മണലിനിടയിലെ മുത്തുച്ചിപ്പി
ആകാശത്ത് നിന്ന്
ഭൂമിയിലേക്ക് നോക്കുന്ന
ഈന്തപ്പനകളുടെ
പ്രാത്ഥിക്കുന്ന കയ്യുകള്‍
ഉറുമ്പുകള്‍
കൈക്കൊട്ടിപ്പാടുന്ന
ആനക്കൊട്ടിലിലെ
കല്ല്യാണരാത്രി
പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍
കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം
ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ
എന്താവാം
മോള്‍ക്ക് തുരുതുരാ
ഉമ്മ കൊടുത്തു
പരിഭ്രമത്താല്‍
അവള്‍ കരഞ്ഞു
എനിക്കുമൊന്നും
മനസ്സിലായില്ലെന്ന് മോളോട്
ദൈവം പറയുന്നതിന്റെ
ശബ്ദം ഞാന്‍ കേട്ടു
ചൊവ്വാഴ്ച, ഡിസംബർ 02, 2008
നീ വന്ന നാള്‍
തിങ്കളാഴ്‌ച, ഒക്‌ടോബർ 13, 2008
ആ മരം
ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു
കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയില്‍ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു
ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം
ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു
പ്രിയനും അഞ്ജനയും പോയ
മുറിയില്‍ പുതിയ ആളുകള്‍ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു
പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല
ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാന്‍ ചെന്നപ്പോള്‍
തൊപ്പിക്കാരുടെ മുറിയില്‍ നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു
വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓര്‍ത്തിരുന്നു
വെള്ളിയാഴ്ച്ചയായിരുന്നു അന്ന്
തുളസികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍
മണ്ണില്‍ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകള്‍ കണ്ടു
ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍,
രകതം വാര്‍ന്ന് വെളുത്ത ഞരമ്പുകള്‍
കണ്ണു മുറിഞ്ഞു
ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം
അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു
മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?
ഞായറാഴ്‌ച, ഓഗസ്റ്റ് 10, 2008
പ്രേമത്തിന്റെ ദേശീയ സസ്യം
റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്
കൈ വെട്ടി കളയണം
വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്
എന്തിന് ഒരു പൂന്തോട്ടത്തില് വേറെ നാറികള്
ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം
മണ്ണ് വേര് വെള്ളം വെയില്
പൂക്കള്ളന് ഇതള് വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്ച്ചയായും വെട്ടിക്കളയണം
കരിങ്കണ്ണന്മാര് നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം
ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ
ശനിയാഴ്‌ച, ജൂലൈ 12, 2008
വാക്കേ
ഓടിപ്പോയത്
സിഗരറ്റ് വാങ്ങാനായിരുന്നില്ല
ജീവിതത്തേക്കാള്‍ അര്‍ത്ഥമുള്ള
ഒരു വാക്ക് തേടി ഇറങ്ങിയതായിരുന്നു
തിടുക്കത്തില്‍ പടിയില്‍ തട്ടി
കാല് വിരലിന്റെ ഒരറ്റം മുറിഞ്ഞു
ഒരു വാക്ക് കിട്ടി
ഞായറാഴ്‌ച, ജൂൺ 01, 2008
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്
വഴിയരികില്‍ മരം
പൂത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള
ഒരിത് പോലെ
വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് പോലെ
പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍
ഒരിത്, ഒരത്
വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍
ഇരിക്കാന്‍ വയ്യ
നടക്കാന്‍ വയ്യ
ആഹ്ലാദത്തിന്റെ പൊറുതികേട്
എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട
പോര,
ആനന്ദത്തിന്റെ മഞ്ഞുമല
ബുധനാഴ്‌ച, ഫെബ്രുവരി 27, 2008
കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ
പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ
ആത്മാവില്ലാത്ത രാത്രിയാണിത്
അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി
പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്
ഒരിക്കല് ഒരു സന്ധ്യയുടെ രാത്രിയില്
ശ്വാസനിച്ചോശ്വാസങ്ങള് മുറുകിയാറെ
നമുക്കെവിടെയെങ്കിലും പോകാമെന്ന്
ഒരശരീരിയുണ്ടായി
നീയാണോ അത് പറഞ്ഞത്
വിശ്വസിക്കാനാവാത്തതൊക്കെയും,
വിശ്വസിക്കാത്തതൊക്കെയും ദൈവത്തിന്
അശരീരിക്ക്
ദൈവം അവിശ്വാസികളുടേതാണ്
സ്നേഹമേ, പിശാചേ
നിന്റെയാട്ടിന്കുട്ടികള് അമ്മ സത്യമായിട്ടും
വിശ്വാസികളാണ്, നീ നിന്റെ ഉള്ളു പോലെത്തന്നെ
അവരുടെ ഉള്ളും കണ്ടിട്ടില്ല
അന്ധമായ വിശ്വാസികളാണ് നിന്റെ
വിശ്വാസികള്
അവരെ നീ ശത്രുവിന് വിട്ട്കൊടുക്ക്
നരകമെന്തെന്ന് ദൈവം അവര്ക്ക് കാണിച്ച് കൊടുക്കും
ഡ്യൂപ്ലിക്കേറ്റ് നരകമേ, നിന്റെ നരകം എന്ത് നരകം ?
അത് സ്വര്ഗ്ഗത്തിന്റെ ബ്ലൈന്റ് കോപ്പി
ഏത് വേഷത്തിലും ഏത് രീതിയിലും
അവതരിക്കാന് കഴിവുള്ള മായാമയനേ
സ്നേഹമേ, ജാലവിദ്യക്കാരാ
ഈ രാത്രിയെനിക്ക് സുഖമായുറങ്ങാം
അവിടെയൊരാള് പനിപിടിച്ച് കിടപ്പാണ്
സുമംഗലിയെങ്കിലും,
നിന്റെ കണ്കെട്ടിലൂടെ കന്യകാ ചര്മ്മം
തിരിച്ച് കിട്ടിയ
ആ വിശുദ്ധ ശരീരത്തില്
ഇന്നാരും തൊടുകയില്ല
(കെട്ടു വള്ളി കളയല്ലേ
ഒടുക്കത്തെ വായനക്കാരാ)
പാപിയും മ്ലേച്ഛനുമായ ജാരപ്രഭുവേ
നീ വിചാരിക്കുന്നതെന്ത് ? എഴുതുന്നതെന്ത് ?
പൊറുക്കല്ലേ
ഒരു രാത്രിയില്
പിടിച്ച്കെട്ടാനാകാതെ
ശരീരത്തിന്റെയും മനസ്സിന്റെയും
കുതിരകള് പാഞ്ഞ ഏതോ യാമത്തില്
ഞാനൊരു പുരുഷനെ കാമിച്ചിട്ടുണ്ട്
ആ വിശുദ്ധ ശരീരത്തില്
പ്രവേശനമുള്ള പുരുഷഭാഗ്യത്തെ
മുഴുവനായി, അത്ര ഉത്ക്കടമായി
പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
ഇരുതലകളുള്ള ഒരാട്ടിന് കുട്ടിയെ ചുടുന്നത്
ആത്മാക്കളുടെ നിലവിളിയാണോ പ്രണയമേ
നിന്റെയുന്മാദ കാഹളം
സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ
നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ
Labels: കവിത, ജീവിതം, പ്രണയ കവിതകള്‍, രതി
ചൊവ്വാഴ്ച, ജനുവരി 29, 2008
അല്ലെങ്കില്‍ വഴിവക്കിലെ ഒരാല്‍മരം
ആരുടേയുമല്ല, എന്നെ വിടൂ
ഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ
പ്ലീസ് എന്നെ വിടൂ
ഉണ്ടായപ്പോള്‍ അപ്പനുമമ്മയും വിളിച്ചു
എന്റെ മകന്‍ എന്റെ മകന്‍
ഞങ്ങളുടെ മകന്‍
അന്നുറക്കെ കരഞ്ഞത് എന്നെ വിടൂ വിടൂ
ഞാനാരുടേതുമല്ലെന്നും പറഞ്ഞാണ്‍, അല്ല
ഞാനാരുടേതുമല്ല
മമ്മോദീസ മൂക്കുമ്പോള്‍ കരഞ്ഞതും അതിനാണ്‍
എന്നെ വിടൂ എന്നെ വിടൂ
ഞാന്‍ ക്ര്യിസ്ത്യാനിയുടേതല്ല
ഹിന്ദുവിന്റേതല്ല ജൂതന്റെയും ബുദ്ധന്റേയുമല്ല
എന്നെ വിടൂ എന്നെ വിടൂ എന്നാണ്‍ ഞാനന്ന് കരഞ്ഞത്
ഞാന്‍ ആരുടേയുമല്ല.
ഞാന്‍ എന്റേതല്ല
ഞാന്‍ ആരുടേയുമല്ല, നിന്റേതുമല്ല
ആരുടേയുമല്ല
ചുംബനത്തിനോ, വിവാഹത്തിനോ, മരണത്തിനോ
എന്റെ മേല്‍ യാതൊരവകാശങ്ങളുമില്ല
ആരുടേതുമല്ലാതായിരിക്കലാണ്‍ എനിക്ക് ജീവിതം
പബ്ലിക്ക് ബൂത്തിലെ ടെലഫോണ്‍
കഫേയിലെ കമ്പ്യൂട്ടര്‍, നിരത്തിലെ റഷ്യക്കാരി
ചായക്കടയിലെ കപ്പ്, പരാതിപ്പുസ്തകത്തിലെ പേന
ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടര്‍, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടല്‍,
മഴ, എവിടത്തെയും ആകാശം സൂര്യന്‍ , ചന്ദ്രന്‍
അല്ലെങ്കില്‍
വഴിവക്കിലെ ഒരാല്‍മരം
ചൊവ്വാഴ്ച, ജനുവരി 08, 2008
ഒരു ദിവസം
ഒരുമിച്ച് നടന്നിരുന്ന വഴികളിലൂടെ
എന്തൊക്കെയോ വിചാരിച്ച്, പലപ്പോഴും
കുതിപ്പും കിതപ്പും കണ്ട
സിഗ്നലുകളോട്
ഇന്നെന്താ കണ്ണുരുട്ടാത്തേയെന്ന് ചോദിച്ച്
ഇന്നെന്താ ഒറ്റയ്ക്കാണല്ലോയെന്ന
അവരുടെ മറുചോദ്യവും കേട്ട്
ഞങ്ങള്‍ രണ്ട് പേരും
ഒറ്റയ്ക്കാണു എന്ന് പിന്നെയും
അവര് കേള്‍ക്കാതെ അടക്കം പറഞ്ഞ്
പലതും പറഞ്ഞ്
ഒടുവില് കോര്‍ണേഷില്‍നിന്ന്
ഒരാള്‍ക്കായി പൂക്കള്‍
പറിയ്ക്കുമ്പോള്‍
മിസ് കാളുകള്‍ചോദിച്ചു
എവിടെയാണ്
എങ്ങനെയാണ്
ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ് പോര്‍ട്ട്
നഷ്ടപ്പെടരുതെന്നും
വീട്ടിലുള്ളയാള്‍ക്ക്
ശ്വാസം മുട്ടല്‍ വരരുതെന്നും
കൂട്ടുകാരനു ബോറടിക്കരുതെന്നും
നേരത്തെ പറഞ്ഞിരുന്നതാണല്ലോ
തീരെ, അടക്കമില്ലാത്ത മിസ്കാളുകള്‍
മറ്റൊരു ജന്മത്തില്‍നിന്ന്
ഏഴു കടലുകളും കടന്ന്
ഈ നഗരത്തിലെ ഈ വഴിയില്‍തന്നെ
ക്യത്യമായി വന്നിട്ട്
ഒരു ദിവസമെങ്കിലും
ഒരു തുള്ളി പോലും
പുറത്ത് പോകാതെ
തിമിര്‍ത്ത് പെയ്തില്ലെങ്കില്‍
അതാവും മുഴുവട്ടെന്ന്
ഞാനെന്നെ പറഞ്ഞ് മനസ്സിലാക്കി
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
എന്നോട് ചോദിച്ച് മനസ്സിലാക്കണമെന്നും
ഭൂമിയില് വിരിഞ്ഞ് നില്‍ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്
കൊഴിഞ്ഞുപോയവയും വിരിയാനിരിക്കുന്നവയും
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണ് വീടുകളുടെയും പടമുള്ള പേപ്പര്
കുമ്പിള്‍കുത്തി
നിറയെ പിച്ചിപ്പൂക്കള്‍ നല്‍കുമ്പോള്‍
അവള്‍ചോദിച്ചാലോ
അപ്പോള് പറിച്ചെടുത്ത
ഈ പൂക്കളോയെന്ന്
നിനക്ക് തരുന്ന
വേദനകള്‍പോലും
പൂക്കളായിരിക്കണം
എന്നൊരു s m s
പൂര്‍ത്തിയാക്കും മുന്‍പ്
ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു
(രണ്ടായിരത്തിയേഴ് നവംബര്‍ മുപ്പത്)
Labels: ജീവിതം
ചൊവ്വാഴ്ച, ഡിസംബർ 04, 2007
നൃത്തം
കോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു
ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു
ഞാനോ ? എനിക്ക് പേരില്ല
പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്
നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ
ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്
മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട
ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു
ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്
ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്
ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല
മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല
പന്ത്,പന്ത്,പന്ത് മാത്രം
അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു
ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍
പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി
ഞായറാഴ്‌ച, നവംബർ 11, 2007
മുറിച്ച് കടക്കല്‍
റോഡ് മുറിച്ച് കടക്കുകയായിരുന്നു
മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം
വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്
റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും
റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു
എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു
ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു
ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു
പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു
എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി
ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?
വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2007
തലക്കെട്ടുണ്ട്
വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു
കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്
ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ
മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന്‍ ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ
നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ
എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്
നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല
ശരിക്കും
എത്ര നീയുണ്ട്
Labels: പ്രണയ കവിതകള്‍
ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007
സൈക്കിളില്‍ വന്ന അടികള്‍
സൈക്കിളുകള്‍ ധാരാളമുള്ള കാലമായിരുന്നു അത്
പച്ച ചുവപ്പ് കറുപ്പ് എന്നീ നിറങ്ങള്‍ മാത്രമേ
സീറ്റുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ
പച്ച സീറ്റ് വന്നാല്‍ നിന്നെ അടിക്കാമെന്നും
ചുവപ്പ് സീറ്റ് വന്നാല്‍ എന്നെ അടിക്കാമെന്നും
കുട്ടികള്‍ ധാരണയുണ്ടാക്കി
ധൈര്യശാലികള്‍ കറുപ്പ് തെരഞ്ഞെടുത്തു
പച്ച സീറ്റെടുത്ത ദിവസം കൂട്ടുകാരന് 31 അടികള്‍ കൊടുത്തു
എനിക്ക് കിട്ടിയത് 18
Labels: ഇ
തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2007
കണ്ണാടിയില്‍ ഒരു രാത്രി
കാണുന്നില്ല കുട്ടനെ
കുളത്തില്‍ കുടത്തില്‍
ക്ലബ്ബിലും ഗ്രൌണ്ടിലും
പള്ളിയില്‍ ടാക്കീസില്‍
സുജിത്തിന്റെ വീട്ടിലും
അങ്ങാടിക്കടകളില്‍
അമ്മായിയുടെ ഫോണിലും
വിളിച്ചൂ നൂറിലും, നൂറ്റിയൊന്നിലും
മറ്റ് നൂറിടങ്ങളില്‍
കുട്ടനില്ലയവിടെയെങ്ങുമേ
കരഞ്ഞൂ കൂട്ടുകാര്‍
ഉറങ്ങീ നാട്ടുകാര്‍
ഉറങ്ങാതിരുന്നു
കരഞ്ഞൂ വീട്ടുകാര്‍
കയ്യെഴുത്ത് കണക്കുകള്‍
ഇമ്പോസിഷന്‍ ഹോംവര്‍ക്കുകള്‍
കാത്തിരുന്നു കുട്ടനെ
ചക്കിപ്പൂച്ചയേറെ വട്ടം
നോക്കിയിട്ടു തിരിച്ച് പോയ്
പുലര്‍ന്ന് ബാര്‍ബര്‍
മുടിക്കട തുറക്കുമ്പോള്‍
ഇരുന്നുറങ്ങുന്നവന്‍
ചുമരിലെ കണ്ണാടിയില്‍
Labels: ഇ
ഞായറാഴ്‌ച, ജൂലൈ 15, 2007
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍
അതു തന്നെ
അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല
ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍
അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ
ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്
പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍
ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍
അവതരിച്ചാല്‍
ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍
കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍
ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍
ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍
ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...