ഞായറാഴ്‌ച, നവംബർ 11, 2007


മുറിച്ച് കടക്കല്‍

റോഡ് മുറിച്ച് കടക്കുകയായിരുന്നു

മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം

വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്

റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും

റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു

എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?


റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു

ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു

ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു

പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു

എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2007


തലക്കെട്ടുണ്ട്

വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു

കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്

ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ

മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന്‍ ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ

നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ

എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്

നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല

ശരിക്കും
എത്ര നീയുണ്ട്

ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007


സൈക്കിളില്‍ വന്ന അടികള്‍

സൈക്കിളുകള്‍ ധാരാളമുള്ള കാലമായിരുന്നു അത്

പച്ച ചുവപ്പ് കറുപ്പ് എന്നീ നിറങ്ങള്‍ മാത്രമേ
സീറ്റുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ

പച്ച സീറ്റ് വന്നാല്‍ നിന്നെ അടിക്കാമെന്നും
ചുവപ്പ് സീറ്റ് വന്നാല്‍ എന്നെ അടിക്കാമെന്നും
കുട്ടികള്‍ ധാരണയുണ്ടാക്കി

ധൈര്യശാലികള്‍ കറുപ്പ് തെരഞ്ഞെടുത്തു

പച്ച സീറ്റെടുത്ത ദിവസം കൂട്ടുകാരന് 31 അടികള്‍ കൊടുത്തു

എനിക്ക് കിട്ടിയത് 18

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2007


കണ്ണാടിയില്‍ ഒരു രാത്രി

കാണുന്നില്ല കുട്ടനെ

കുളത്തില്‍ കുടത്തില്‍
ക്ലബ്ബിലും ഗ്രൌണ്ടിലും
പള്ളിയില്‍ ടാക്കീസില്‍
സുജിത്തിന്റെ വീട്ടിലും
അങ്ങാടിക്കടകളില്‍
അമ്മായിയുടെ ഫോണിലും

വിളിച്ചൂ നൂറിലും, നൂറ്റിയൊന്നിലും
മറ്റ് നൂറിടങ്ങളില്‍
കുട്ടനില്ലയവിടെയെങ്ങുമേ

കരഞ്ഞൂ കൂട്ടുകാര്‍
ഉറങ്ങീ നാട്ടുകാര്‍
ഉറങ്ങാതിരുന്നു
കരഞ്ഞൂ വീട്ടുകാര്‍

കയ്യെഴുത്ത് കണക്കുകള്‍
ഇമ്പോസിഷന്‍ ഹോംവര്‍ക്കുകള്‍
കാത്തിരുന്നു കുട്ടനെ

ചക്കിപ്പൂച്ചയേറെ വട്ടം
നോക്കിയിട്ടു തിരിച്ച് പോയ്

പുലര്‍ന്ന് ബാര്‍ബര്‍
മുടിക്കട തുറക്കുമ്പോള്‍
ഇരുന്നുറങ്ങുന്നവന്‍
ചുമരിലെ കണ്ണാടിയില്‍

ഞായറാഴ്‌ച, ജൂലൈ 15, 2007


ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...

ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍

അതു തന്നെ

അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല

ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍

അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ

ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്

പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍

ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍

അവതരിച്ചാല്‍

ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍

കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍

ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍

എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍

ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍

ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍

ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...

ചൊവ്വാഴ്ച, ജൂൺ 05, 2007


നിലത്ത് വെച്ചിട്ടില്ല

മറന്നു വച്ച കുട
ആകുലപ്പെട്ടു

അവന്‍ നനഞ്ഞുവോ
കാണാതെ കരഞ്ഞുവോ
അമ്മ തല്ലിയിരിക്കുമോ

ബെഞ്ചുകളും ഡെസ്ക്കുകളും
സൊറ പറഞ്ഞിരിപ്പാണ്

തറ പറ പന
ബോറ്ഡിപ്പോഴും പകലില്‍

രാത്രി വന്നു
കുടക്കു കരച്ചില്‍ വന്നു
മഴ മഴ
കുട കുടയെന്ന്
പുറത്ത് മഴ

“എന്റെ പുന്നാരക്കുട”
അവന്റെ ശബ്ദം
മഴക്കു മേലെ പെയ്യുന്നത്
കുട മാത്രം കേട്ടു

കരഞ്ഞുറങ്ങിയ നേരം
ഹെഡ്മാസ്റ്ററുടെ മുറി
സ്വപ്നത്തില്‍ വന്നു

ചോദ്യപേപ്പറുകള്‍ ചൂരലുകള്‍
ഭൂപടങ്ങള്‍ ഗ്ലോബ് അസ്ഥികൂടം
ചോക്കുപൊടി
തടിച്ചിമാരായ ടീച്ചര്‍മാര്‍
വളികളും വളിപ്പുകളും

ഞെട്ടിയുണര്‍ന്നു
വെളുത്തിട്ടില്ല

ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം

എന്നാലും മറന്നല്ലോ

മറ്റ് കുടകള്‍ വന്നു
അപ്പുറത്തും
ഇപ്പുറത്തുമായിരുന്നു

മഴ കൊണ്ടില്ലേയിന്നലെ
വീട്ടില്‍ പോയില്ലേ
അവന്‍ തന്നെ
മറന്നുവെന്ന്
പറയുന്നതെങ്ങനെ

അതാ അവന്‍
കുട കണ്ണടച്ചു

ഓടി വരട്ടെ നൂറുമ്മ തരട്ടെ

ബെല്ലടിച്ചിട്ടും വന്നില്ല

കണ്ണു തുറന്നപ്പോള്‍ കണ്ടു
അവന്റെ പുതിയ പുന്നാരക്കുടയെ


നിലത്ത് വെച്ചിട്ടില്ല

^ 2004

ചൊവ്വാഴ്ച, മേയ് 29, 2007


അത്ര മാത്രം

“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”


- എ.അയ്യപ്പന്‍ -


കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു

അത്ര മാത്രം

^2000

ചൊവ്വാഴ്ച, മേയ് 22, 2007


ഇതൊരു പരസ്യ വാചകമല്ല

ഉമ്മയുടെ കാര്യത്തില്
ക്രിസ്തുവോ,
ഗാന്ധി പോലുമോ അല്ല

അങ്കമാലി കുന്നിലെയോ
ഫോര്ട്ടുകൊച്ചിയിലെയും
കൊടകര ഹൈവേയിലെയും
ക്വട്ടേഷന് പിള്ളാരെപ്പോലെയൊ...

ഒരു ചെകിടത്തു തന്നാല്
നക്ഷത്രം കാണുന്ന തരത്തില്
പതിനായിരമായി
മടക്കിക്കൊടുക്കും

ഇതൊരു
പരസ്യവാചകമല്ല

അമ്മയും നീയും
വായിക്കാന്‍ ആരും
പരസ്യം കൊടുക്കാറുമില്ല

^2007

ബുധനാഴ്‌ച, മേയ് 16, 2007


അജ്മാനിലെ കടപ്പുറത്ത്

വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം

മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും

കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്ന്നയാള്‍

മലയാളമറിയാത്ത പെണ്ണാണ്‍
വിവര്‍ത്തനം ചെയ്യണം

^2006

തിങ്കളാഴ്‌ച, മേയ് 07, 2007


ആലിപ്പഴം മിനിക്കുട്ടി

മനോരമ വാരികയിലാണ്‌
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്‌
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും

പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല

ഈ അവസ്ഥയിലാണല്ലോ
അവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്‌

എങ്കിലും
മിനിക്കുട്ടിയോടൊപ്പം
പാടത്ത്‌ ആടുകളെ മേയ്ച്ചത്‌
മറക്കുകയില്ല

എന്നെ മറക്കരുതേയെന്ന
വിശുദ്ധമായ പ്രാര്‍ത്ഥന
ഞങ്ങള്‍ അന്നും ചൊല്ലിയിരുന്നുവെന്നാണ്‌
ഓര്‍മ്മയുടെ പുസ്‌തകം പറയുന്നത്‌
(ലക്കവും അദ്ധ്യായവും ഓര്‍മ്മയിലില്ല)

ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തി
എന്ന കുട്ടിച്ചാത്തനിലെ പാട്ടും
3 ഡി കണ്ണട വെച്ചാലെന്ന പോലെ
തൊട്ടുമുന്‍പിലുണ്ട്‌

എങ്കിലും അലിഞ്ഞു പോയി
ഒരു മഴയത്ത്‌
പെറുക്കി കൂട്ടിയവ

മഴയില്ലാത്ത ഒരു നാട്ടില്‍
സൂര്യന്റെ കണ്ണു വെട്ടിച്ച്‌
ഏഴാമത്തെ നിലയില്‍
ഇരിക്കുമ്പോള്‍
അതാ ആലിപ്പഴം മിനിക്കുട്ടി
നിങ്ങളുടെ സൂര്യ ടിവിയില്‍
ഒട്ടുമലിയാതെ

^2004

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2007


തീവണ്ടിയോ സൈക്കിളോ

വേണ്ട തീ,വണ്ടി
ഉള്ളിലെപ്പോഴും ആളിക്കത്തില്ലേ
നില്‍ക്കുമ്പോള്‍ നീറിപ്പുകയില്ലേ

എങ്കിലുമുണ്ട്‌ പ്രലോഭനത്തിന്റെ
നൂറുചക്രങ്ങള്‍കാ
ത്തു നില്‍ക്കാന്‍ ആയിരം കണ്ണുകള്
‍യാത്രയാക്കനും സ്വീകരിക്കാനും
പച്ച ചുകപ്പന്‍ വേഷങ്ങള്

‍ആപത്തിലും
കാലാവസ്ഥ മാറ്റത്തില്‍ പോലും
കൊടിമാറ്റങ്ങള്

‍പെരിയാറിനും, നിളക്കും മേല്
‍പരിഹാസ്യരായ്‌ കിടക്കുന്ന പാലങ്ങളിലൂടെ
തേരട്ടയായ്‌

മലയാളവും തമിഴും കന്നഡയും കടന്ന്
നാനാത്വത്തില്‍ ഏകത്വമെന്നര്‍ത്ഥം വരുന്ന
ഇംഗ്ലീഷ്‌ പാട്ടും പാടി

പാലക്കാട്ട്‌ പതിരളന്ന്
ഗോതമ്പ്‌ മണികള്‍ കൊറിച്ച്‌
വെടിയൊച്ചകള്‍ കേട്ട്‌
പുക മുകളിലേക്കൂതി ടെന്‍ഷനൊതുക്കി
ഒരേ ഉദരത്തിലേക്കു കരിക്കും കൊക്കോക്കോളയും നിറച്ച്‌

താനാരോ തന്നാരോ തകബോലോ തരരയില്‍ ലയിച്ച്‌
സംഘം ചേരലിന്റെ
ബാഗ്‌ പൈപ്പര്‍ ഛര്‍ദ്ദി ഏറ്റുവാങ്ങി
സത്യപ്രതിജ്ഞക്കു പോകുന്ന എം.പിക്കും
തൊഴില്‍ രഹിതനായ കള്ളവണ്ടിക്കാരനും
സ്വപ്നങ്ങളുള്ള രാത്രി സമ്മാനിച്ച്‌
കള്ളനും പോലീസുകാരനും
ഇരുട്ടിന്റെ സ്വാതന്ത്ര്യം അനുവദിച്ച്‌

ഐസ്ക്രീം പാര്‍ലറായ്‌
കിടപ്പറയായ്‌
പ്രസവ മുറിയായി

കാടും മലയുംമഞ്ഞും മഴയും കടന്ന്
പലതരം കൊള്ളികള്‍ നിറഞ്ഞ
തീപ്പെട്ടിക്കൂടുകളായി
നീളുന്ന വേഗമായി....

എങ്കിലും വേണ്ട ഈ ചതുരവടിവ്‌
ഏണിയിലൂടെയുള്ള പാമ്പുയാത്ര
പലനിറങ്ങള്‍ക്കും തലവയ്ക്കുന്ന ഷണ്ഡത്വം

പിന്നെയുമുണ്ട്‌
ഏതു രാത്രിയില്‍
ആരുടെ അമ്മ
ആരുടെ കാമുകി
ആരുടെ ആരുമല്ലാത്തവര്‍
കവിതയെഴുതിക്കളയും ഉടല്‍ കൊണ്ട്‌

കവിത എനിക്കിഷ്ടമല്ല

കാറ്റ്‌ നിറഞ്ഞോ
പോകാം സൈക്കിളേ
നമ്മെ ഇടവഴികള്‍
എത്തുന്നിടത്തെത്തിക്കട്ടെ

^ 1998

ബുധനാഴ്‌ച, ഏപ്രിൽ 18, 2007


രാജ്യം

പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്
‍ഞങ്ങളുടെ ഡെസ്റ്റര്
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്മ
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി

^ 2004

ചൊവ്വാഴ്ച, ഏപ്രിൽ 10, 2007


ചരക്കുവണ്ടി

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്‌, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്‌
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
‍മംഗളത്തില്‍ മാധ്യമങ്ങളില്
‍ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്‌


മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
‍മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍


ഏത്‌ ഗട്ടറിന്റെയഗാധതയില്
‍ബ്രേക്ക്‌ ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
‍വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്


‍കാര്‍ബണ്‍ പുകയില്‍ ഞാന്
‍കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
‍സമയം പോയ്‌ പഞ്ചിംഗ്‌ ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട്‌ മാത്രമെന്ന്
വായുപിടിച്ച്‌ നീ നിര്‍ത്താതെ പോകുമോ ?


മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്


‍ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു


ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?


ഇടപ്പള്ളി പള്ളിയില്
‍മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം


റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍


മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍


മനോരമ വരുമ്പോള്
‍നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം



പ്രഭാതമായ്‌ ഉച്ചയായ്‌ സന്ധ്യയായ്‌
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
‍നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
‍യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം


തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
‍രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച്‌ തളര്‍ന്ന വേശ്യകള്
‍സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


^1998

ഞായറാഴ്‌ച, ഏപ്രിൽ 01, 2007


കണ്ണ്

ഏതാണ്ട്‌ ഇത്‌ പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക്‌ വരിവരിയായിപ്പോയത്‌

അന്ന് വരാതിരുന്ന ആ കരച്ചില്
‍ഇപ്പോള്‍ എവിടെ നിന്ന് വരുന്നു

രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക്‌ പേരില്‍ തന്നെയുണ്ടായിരുന്നു

എനിക്കെന്തിന്റെയായിരുന്നു കുറവ്‌

മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു

മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു


കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തന്നെന്നെ ഏഴിലേക്ക്‌ പറഞ്ഞുവിട്‌


^2007