ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍
അതു തന്നെ
അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല
ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍
അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ
ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്
പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍
ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍
അവതരിച്ചാല്‍
ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍
കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍
ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍
ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍
ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...
ഞായറാഴ്‌ച, ജൂലൈ 15, 2007
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
ചൊവ്വാഴ്ച, ജൂൺ 05, 2007
നിലത്ത് വെച്ചിട്ടില്ല
മറന്നു വച്ച കുട
ആകുലപ്പെട്ടു
അവന്‍ നനഞ്ഞുവോ
കാണാതെ കരഞ്ഞുവോ
അമ്മ തല്ലിയിരിക്കുമോ
ബെഞ്ചുകളും ഡെസ്ക്കുകളും
സൊറ പറഞ്ഞിരിപ്പാണ്
തറ പറ പന
ബോറ്ഡിപ്പോഴും പകലില്‍
രാത്രി വന്നു
കുടക്കു കരച്ചില്‍ വന്നു
മഴ മഴ
കുട കുടയെന്ന്
പുറത്ത് മഴ
“എന്റെ പുന്നാരക്കുട”
അവന്റെ ശബ്ദം
മഴക്കു മേലെ പെയ്യുന്നത്
കുട മാത്രം കേട്ടു
കരഞ്ഞുറങ്ങിയ നേരം
ഹെഡ്മാസ്റ്ററുടെ മുറി
സ്വപ്നത്തില്‍ വന്നു
ചോദ്യപേപ്പറുകള്‍ ചൂരലുകള്‍
ഭൂപടങ്ങള്‍ ഗ്ലോബ് അസ്ഥികൂടം
ചോക്കുപൊടി
തടിച്ചിമാരായ ടീച്ചര്‍മാര്‍
വളികളും വളിപ്പുകളും
ഞെട്ടിയുണര്‍ന്നു
വെളുത്തിട്ടില്ല
ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം
എന്നാലും മറന്നല്ലോ
മറ്റ് കുടകള്‍ വന്നു
അപ്പുറത്തും
ഇപ്പുറത്തുമായിരുന്നു
മഴ കൊണ്ടില്ലേയിന്നലെ
വീട്ടില്‍ പോയില്ലേ
അവന്‍ തന്നെ
മറന്നുവെന്ന്
പറയുന്നതെങ്ങനെ
അതാ അവന്‍
കുട കണ്ണടച്ചു
ഓടി വരട്ടെ നൂറുമ്മ തരട്ടെ
ബെല്ലടിച്ചിട്ടും വന്നില്ല
കണ്ണു തുറന്നപ്പോള്‍ കണ്ടു
അവന്റെ പുതിയ പുന്നാരക്കുടയെ
നിലത്ത് വെച്ചിട്ടില്ല
^ 2004
Labels: ഇ
ചൊവ്വാഴ്ച, മേയ് 29, 2007
അത്ര മാത്രം
“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”
- എ.അയ്യപ്പന്‍ -
കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു
അത്ര മാത്രം
^2000
Labels: പ്രണയ കവിതകള്‍
ചൊവ്വാഴ്ച, മേയ് 22, 2007
ഇതൊരു പരസ്യ വാചകമല്ല
ഉമ്മയുടെ കാര്യത്തില്
ക്രിസ്തുവോ,
ഗാന്ധി പോലുമോ അല്ല
അങ്കമാലി കുന്നിലെയോ
ഫോര്ട്ടുകൊച്ചിയിലെയും
കൊടകര ഹൈവേയിലെയും
ക്വട്ടേഷന് പിള്ളാരെപ്പോലെയൊ...
ഒരു ചെകിടത്തു തന്നാല്
നക്ഷത്രം കാണുന്ന തരത്തില്
പതിനായിരമായി
മടക്കിക്കൊടുക്കും
ഇതൊരു
പരസ്യവാചകമല്ല
അമ്മയും നീയും
വായിക്കാന്‍ ആരും
പരസ്യം കൊടുക്കാറുമില്ല
^2007
Labels: പ്രണയ കവിതകള്‍
ബുധനാഴ്‌ച, മേയ് 16, 2007
അജ്മാനിലെ കടപ്പുറത്ത്
വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം
മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്ന്നയാള്‍
മലയാളമറിയാത്ത പെണ്ണാണ്‍
വിവര്‍ത്തനം ചെയ്യണം
^2006
തിങ്കളാഴ്‌ച, മേയ് 07, 2007
ആലിപ്പഴം മിനിക്കുട്ടി
മനോരമ വാരികയിലാണ്
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും
പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല
ഈ അവസ്ഥയിലാണല്ലോ
അവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്
എങ്കിലും
മിനിക്കുട്ടിയോടൊപ്പം
പാടത്ത് ആടുകളെ മേയ്ച്ചത്
മറക്കുകയില്ല
എന്നെ മറക്കരുതേയെന്ന
വിശുദ്ധമായ പ്രാര്‍ത്ഥന
ഞങ്ങള്‍ അന്നും ചൊല്ലിയിരുന്നുവെന്നാണ്
ഓര്‍മ്മയുടെ പുസ്‌തകം പറയുന്നത്
(ലക്കവും അദ്ധ്യായവും ഓര്‍മ്മയിലില്ല)
ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തി
എന്ന കുട്ടിച്ചാത്തനിലെ പാട്ടും
3 ഡി കണ്ണട വെച്ചാലെന്ന പോലെ
തൊട്ടുമുന്‍പിലുണ്ട്
എങ്കിലും അലിഞ്ഞു പോയി
ഒരു മഴയത്ത്
പെറുക്കി കൂട്ടിയവ
മഴയില്ലാത്ത ഒരു നാട്ടില്‍
സൂര്യന്റെ കണ്ണു വെട്ടിച്ച്
ഏഴാമത്തെ നിലയില്‍
ഇരിക്കുമ്പോള്‍
അതാ ആലിപ്പഴം മിനിക്കുട്ടി
നിങ്ങളുടെ സൂര്യ ടിവിയില്‍
ഒട്ടുമലിയാതെ
^2004
വ്യാഴാഴ്‌ച, ഏപ്രിൽ 26, 2007
തീവണ്ടിയോ സൈക്കിളോ
ഉള്ളിലെപ്പോഴും ആളിക്കത്തില്ലേ
നില്‍ക്കുമ്പോള്‍ നീറിപ്പുകയില്ലേ
എങ്കിലുമുണ്ട് പ്രലോഭനത്തിന്റെ
നൂറുചക്രങ്ങള്‍കാ
ത്തു നില്‍ക്കാന്‍ ആയിരം കണ്ണുകള്
യാത്രയാക്കനും സ്വീകരിക്കാനും
പച്ച ചുകപ്പന്‍ വേഷങ്ങള്
ആപത്തിലും
കാലാവസ്ഥ മാറ്റത്തില്‍ പോലും
കൊടിമാറ്റങ്ങള്
പെരിയാറിനും, നിളക്കും മേല്
പരിഹാസ്യരായ് കിടക്കുന്ന പാലങ്ങളിലൂടെ
തേരട്ടയായ്
മലയാളവും തമിഴും കന്നഡയും കടന്ന്
നാനാത്വത്തില്‍ ഏകത്വമെന്നര്‍ത്ഥം വരുന്ന
ഇംഗ്ലീഷ് പാട്ടും പാടി
പാലക്കാട്ട് പതിരളന്ന്
ഗോതമ്പ് മണികള്‍ കൊറിച്ച്
വെടിയൊച്ചകള്‍ കേട്ട്
പുക മുകളിലേക്കൂതി ടെന്‍ഷനൊതുക്കി
ഒരേ ഉദരത്തിലേക്കു കരിക്കും കൊക്കോക്കോളയും നിറച്ച്
താനാരോ തന്നാരോ തകബോലോ തരരയില്‍ ലയിച്ച്
സംഘം ചേരലിന്റെ
ബാഗ് പൈപ്പര്‍ ഛര്‍ദ്ദി ഏറ്റുവാങ്ങി
സത്യപ്രതിജ്ഞക്കു പോകുന്ന എം.പിക്കും
തൊഴില്‍ രഹിതനായ കള്ളവണ്ടിക്കാരനും
സ്വപ്നങ്ങളുള്ള രാത്രി സമ്മാനിച്ച്
കള്ളനും പോലീസുകാരനും
ഇരുട്ടിന്റെ സ്വാതന്ത്ര്യം അനുവദിച്ച്
ഐസ്ക്രീം പാര്‍ലറായ്
കിടപ്പറയായ്
പ്രസവ മുറിയായി
കാടും മലയുംമഞ്ഞും മഴയും കടന്ന്
പലതരം കൊള്ളികള്‍ നിറഞ്ഞ
തീപ്പെട്ടിക്കൂടുകളായി
നീളുന്ന വേഗമായി....
എങ്കിലും വേണ്ട ഈ ചതുരവടിവ്
ഏണിയിലൂടെയുള്ള പാമ്പുയാത്ര
പലനിറങ്ങള്‍ക്കും തലവയ്ക്കുന്ന ഷണ്ഡത്വം
പിന്നെയുമുണ്ട്
ഏതു രാത്രിയില്‍
ആരുടെ അമ്മ
ആരുടെ കാമുകി
ആരുടെ ആരുമല്ലാത്തവര്‍
കവിതയെഴുതിക്കളയും ഉടല്‍ കൊണ്ട്
കവിത എനിക്കിഷ്ടമല്ല
കാറ്റ് നിറഞ്ഞോ
പോകാം സൈക്കിളേ
നമ്മെ ഇടവഴികള്‍
എത്തുന്നിടത്തെത്തിക്കട്ടെ
^ 1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ബുധനാഴ്‌ച, ഏപ്രിൽ 18, 2007
രാജ്യം
പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍
ഓരോന്നിലും
ഓരോഭാഷ
ഭാവവും
ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്
ഞങ്ങളുടെ ഡെസ്റ്റര്
ഞങ്ങളുടെ നാടകം
എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും
എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍ത്ഥിച്ചു
കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
വെയിലത്ത്മ
മുട്ടുകുത്തി
ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി
^ 2004
Labels: ഇ
ചൊവ്വാഴ്ച, ഏപ്രിൽ 10, 2007
ചരക്കുവണ്ടി
പാളം തെറ്റിയ ചരക്കുവണ്ടിയായ്
പ്രണയം നിലച്ചേ കിടക്കുന്നു
ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
മംഗളത്തില്‍ മാധ്യമങ്ങളില്
ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്
മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍
ഏത് ഗട്ടറിന്റെയഗാധതയില്
ബ്രേക്ക് ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്
കാര്‍ബണ്‍ പുകയില്‍ ഞാന്
കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
സമയം പോയ് പഞ്ചിംഗ് ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട് മാത്രമെന്ന്
വായുപിടിച്ച് നീ നിര്‍ത്താതെ പോകുമോ ?
മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്
ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്
ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു
ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?
ഇടപ്പള്ളി പള്ളിയില്
മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം
റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍
മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍
മനോരമ വരുമ്പോള്
നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം
പ്രഭാതമായ് ഉച്ചയായ് സന്ധ്യയായ്
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന
ഇരുപതാം നൂറ്റാണ്ടില്
യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം
തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച് തളര്‍ന്ന വേശ്യകള്
സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"
പാളം തെറ്റിയ ചരക്കുവണ്ടിയായ്
പ്രണയം നിലച്ചേ കിടക്കുന്നു
^1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ഞായറാഴ്‌ച, ഏപ്രിൽ 01, 2007
കണ്ണ്
ഏതാണ്ട് ഇത് പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക് വരിവരിയായിപ്പോയത്
അന്ന് വരാതിരുന്ന ആ കരച്ചില്
ഇപ്പോള്‍ എവിടെ നിന്ന് വരുന്നു
രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക് പേരില്‍ തന്നെയുണ്ടായിരുന്നു
എനിക്കെന്തിന്റെയായിരുന്നു കുറവ്
മീനാക്ഷി ടീച്ചര് അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു
മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത് പിന്നീടാണു
കണ്ണ്‍ പറ്റിയതാണു ടീച്ചറേ
ഉത്തരം ശരിയായെങ്കില്
മാര്‍ക്ക് തന്നെന്നെ ഏഴിലേക്ക് പറഞ്ഞുവിട്
^2007
വ്യാഴാഴ്‌ച, മാർച്ച് 29, 2007
കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്
(ജിനുവിനു)
കാവടിയാടുവാന്
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്
അതിനിടയില്‍
താളം കേള്‍ക്കുവാന്
ഞാനയക്കുന്നെന്റെ കാതുകള്
ശൂലം തറയ്ക്കുവാന്
ഞാനയക്കുന്നുണ്ടെന്റെ നാവു
കൂട്ടത്തിലാടുന്ന കൂട്ടുകാരൊത്ത്
താളം പിടിക്കുവാന്
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്
അതിനാല്‍ ഇവിടെ
നടക്കാതെയിരിപ്പാണു ഞാന്
അതിനാല്‍ ഒന്നുമേ കേള്‍ക്കാതെ
കിടക്കുകയാണു ഞാ ന്
അതിനാല്‍ മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന്
ഷഷ്ഠി കഴിഞ്ഞ്
പിള്ളേര് കാവടിക്കടലാസുകള്
പെറുക്കുന്ന നേരത്ത്
തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ
ഇവിടെനിശ്ചലനാണു ഞാന്‍
* ജിനു www.mukham.blogspot.com
^2004
ചൊവ്വാഴ്ച, മാർച്ച് 20, 2007
കഴിഞ്ഞത്
ബാല്യം : വക്കു പൊട്ടിപ്പോയ സ്ലേറ്റ്
കൗമരമോ ?
ആരും തുറന്നു നോക്കാതിരുന്ന പരാതിപ്പുസ്തകം
അടി അള്‍ത്താര അരക്കെട്ട്
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ് പിന്നെയുമടിച്ചുപോയി
വിശപ്പ് : മറന്നുപോയ വെറും വാക്ക്
^ 1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ശനിയാഴ്‌ച, മാർച്ച് 10, 2007
2007 ഫെബ്രൂവരി 28
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി
കഴിഞ്ഞ ജന്മത്തിൽ
പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്
അപ്പോളതിലൂടെ നടന്നുപോയി
അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു
പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും
എന്നാലും ആ വഴിയോരത്ത്
ചോളപ്പൊരി കണ്ടപ്പോൾ
വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ
എനിക്കറിയില്ല
എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോൾ
തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോൾ
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കൽ
സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു
അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു
അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും
അദ്യം മരിച്ചാൽ
നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു
കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും
ഈ ദൈവത്തിന്റെ ഒരു കാര്യം
അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍
എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോൾ ഞാനൊരു സിഗരറ്റ് കൂടി വലിച്ചു
ഞാന്‍ ജനിച്ചിട്ട് പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്
ഇക്കുറി ദാ പോകുന്നു
കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ച വൈകുന്നേരം
5.41നു നീയെന്നോട് പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു
അതു പറയാതെ ഞാന്‍ ചിരിച്ചു
നീയെനിക്കു ഒരുമ്മ തന്നു
^ 2007
Labels: അഫ്ഗാൻ, അബുദാബി, പ്രണയ കവിതകൾ
ബുധനാഴ്‌ച, മാർച്ച് 07, 2007
രണ്ടു കവിതകള്‍
മറിയമാര്‍ പലവിധം
മുന്തിരിത്തോട്ടത്തില്
ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു
മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.
മേരി
സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍
അവള്‍ക്കിപ്പോള്
പാളമാണഭയം.
^ 1997
Labels: ഉറക്കം ഒരു കന്യാസ്ത്രീ