വ്യാഴാഴ്ച, ജനുവരി 25, 2018
പരുന്ത് രാഘവൻ
പരുന്ത് രാഘവൻ
( പി എൻ ഗോപീകൃഷ്ണനു )
പരുന്തുകളുമായി രാഘവനു ഒരു ബന്ധവും ഇല്ലായിരുന്നു
ഒരു ഇന്ത്യൻ പരുന്ത് ലോകം ചുറ്റി തിരിച്ച് വന്ന്
അവാർഡ് വാങ്ങുന്ന വേളയിൽ ചായക്കടയിലെ പത്രം വായനക്കാർ പരുന്ത് രാഘവനോട് ചോദിച്ചു
ഈ ഇന്ത്യൻ പരുന്തുകൾ ദേശീയതയെ അംഗീകരിക്കുന്നുണ്ടോ
നാരായണ ഗുരു പരുന്തുകളെപ്പറ്റി പറഞ്ഞത് ഒന്ന് കൂടി
ഇരുത്തി വായിക്കാനായിരുന്നു പരുന്ത് രാഘവന്റെ മറുപടി
അന്ന് ചായ കുടിക്കുമ്പോൾ പരുന്ത് രാഘവൻ പതിവിലും
അസ്വസ്ഥനായി കാണപ്പെട്ടു
ഇനി പരുന്ത് രാഘവൻ എന്ന പേരിലേക്ക് വരാം
പരുന്ത് രാഘവൻ ഒരു അർദ്ധനിരീശ്വരനാണു
പ്രപഞ്ചം മനുഷ്യഭാവനയാണെന്നാണു രാഘവന്റെ ഒരു ന്യായം
പ്രപഞ്ചത്തിലെ ഒരാൾക്ക് രാഘവൻ എന്ന പേരു വന്നത്
നിമിത്തമാണെന്ന വിശ്വാസമാണു മറ്റൊന്ന്
വാക്കുകളാൽ അർദ്ധനിരീശ്വരനാകുന്ന രാഘവനെ കാണാൻ നല്ല
രസമാണു
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ രാഘവൻ നാടു വിട്ടു . ആദ്യം
എറണാകുളം, പിന്നെ മദ്രാസ്, ബോംബേ, ദുബായ്, ടാൻസാനിയ, അയർലൻഡ്…
രാഘവനു നാട്ടുകാർ ചിറക് കൊടുത്തു. പരുന്ത്
രാഘവൻ
ഇനി യഥാർത്ഥത്തിലുള്ള പരുന്തുകൾ രാഘവനെ കാണാനിരിക്കുന്നുണ്ട്
അന്ന് പരുന്തുകൾ രാഘവനാകുമോ
രാഘവൻ പരുന്താകുമോ
പ്രപഞ്ചത്തിന്റെ ദേശീയതയെക്കുറിച്ച് പരുന്ത്
എന്നാകുമോ അതിന്റെ പരസ്യവാചകം
അന്നാണു ഈ കവിത അവസാനിക്കുക
കുഴൂർ വിത്സൻ
Temple of poetry
26/01/2018
ബുധനാഴ്ച, ജനുവരി 24, 2018
പാവക്കുട്ടികൾ
( എനിക്ക് )
പൂച്ചക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഒരു പാവയുണ്ടായിരിക്കുക അതിനെ മറന്ന് വയ്ക്കുക അത് ഒറ്റയ്ക്കാവാൻ ഇടയുള്ള ഇടങ്ങളിലെല്ലാം തിരയുക എന്നിട്ടതിനെക്കുറിച്ച് കരയുക എന്ന അതി കാൽപ്പനികമായ സ്വപ്നം ഉണ്ടാവുകയും പാവയില്ലാത്ത കുട്ടിക്കാലം ഉണ്ടാവുകയും ചെയ്തതിനാൽ കവിതയിൽ നിറയെ പാവക്കുഞ്ഞുങ്ങളെ ഉണ്ടാക്കി. ആ പാവക്കുഞ്ഞുങ്ങളെ ഊട്ടിയതും ഊഞ്ഞാലാട്ടിയതും ഉറക്കിയതും നോക്കിയതുമൊക്കെ ആ കവിതകൾ വായിച്ചവരാണു.
ഞാനില്ലാത്ത ടൈമിൽ അവരെ നോക്കിയത് അവരാണു
ചിലർ അവർക്ക് മുടി പിന്നി കൊടുത്തു
ചിലർ അവർക്ക് പൊട്ടു തൊടുവിച്ച് കൊടുത്തു
ചിലർ അവരുടെ കണ്ണെഴുതി
വലിയ മുലകളുള്ളവർ അവർക്ക് മാമു കൊടുത്തു
ചിലർ അവർക്ക് പൊട്ടു തൊടുവിച്ച് കൊടുത്തു
ചിലർ അവരുടെ കണ്ണെഴുതി
വലിയ മുലകളുള്ളവർ അവർക്ക് മാമു കൊടുത്തു
കുടിയന്മാരായ ചില ആരാധകർ
അവർക്ക് പാവക്കുട്ടികളെ വരെ കൊണ്ടു കൊടുത്തു
അവർക്ക് പാവക്കുട്ടികളെ വരെ കൊണ്ടു കൊടുത്തു
സ്വന്തമായി പാവക്കുട്ടികളെ വളർത്തുന്നതിനേക്കാൾ എത്രയോ പാടാണു കവിതയിൽ പാവക്കുട്ടികളെ വളർത്താൻ എന്നാണു പറഞ്ഞ് വന്നത്
കുഴൂർ വിത്സൻ
Temple of poetry
24/01/2018
Temple of poetry
24/01/2018
Labels: കവി, കവിത, കവിതകൾ, കവിതാ ബ്ലോഗ്, കുഴൂര്, കുഴൂർ വിത്സൻ
ചൊവ്വാഴ്ച, ജനുവരി 23, 2018
ടൂർ
(കവി വിഷ്ണുപ്രസാദിനു
)
അടുത്തുള്ള സ്ഥലങ്ങളിലേക്ക്
ടൂർ പോകേണ്ടി വരുന്നതിൽ സങ്കടപ്പെട്ടിരുന്ന
ഒരാളുണ്ടായിരുന്നു
ദൂരേക്ക് ദൂരേക്ക്
പോയിട്ടും ആ സങ്കടം മുതിർന്നു
അപരിചിതമായതിൽ മാത്രം
ആനന്ദമനുഭവിക്കുന്ന ഒരാളും കൂടെ വളർന്നു
അടുത്തുള്ളവയെല്ലാം
അപരിചിതമായെങ്കിലെന്ന് ആൾ ത്രീവമായി ആഗ്രഹിച്ചു
ബോറടിയുടെ ദൈവം ആളിൽ കനിഞ്ഞു
എല്ലാ ഇടങ്ങളും ഒരു
പോലെ ആൾക്കപരിചിതമായി
അറിയാതെയാണെങ്കിലും ആൾ പരിചിതമായ ഇടങ്ങളിൽ ആനന്ദത്തോടെ
ടൂറടിക്കാൻ തുടങ്ങി
കുഴൂർ വിത്സൻ
Temple of poetry
23/01/2018
Labels: കവി, വിഷ്ണുപ്രസാദിനു
തിങ്കളാഴ്ച, ജനുവരി 22, 2018
എന്നെ ചവിട്ടി കടന്ന് പോകുന്നവർ
( നിളയ്ക്കും അവളുടെ അപ്പനുമമ്മയ്ക്കും )
കഴിഞ്ഞ വർഷം ഞങ്ങൾ ഫോർട്ട് കൊച്ചിയുടെ ചുമരുകളിൽ കവിത വരച്ചു കളിച്ചു
അമ്പി സുധാകരൻ എന്നെ ബുദ്ധനാക്കി ചുമരിലൊട്ടിച്ചു
ഞാനവരുടെ കളികൾ നോക്കി നിന്നു
അമ്പി സുധാകരൻ എന്നെ ബുദ്ധനാക്കി ചുമരിലൊട്ടിച്ചു
ഞാനവരുടെ കളികൾ നോക്കി നിന്നു
നിള ഒഴുകി നടന്നു മരങ്ങളായി കടലാസുകളിൽ പടർന്നു
കരോലിനും ഫിലിപ്പും ഇലകളിൽ കണ്ണു വച്ചു
പ്രതാപം നഷ്ടപ്പെട്ട ഒരു രാജാവിന്റെ വേഷത്തിലായിരുന്നു പ്രിൻസ്
ഇലക്കറികളായി മണം പടർത്തി അനുപമ
കരോലിനും ഫിലിപ്പും ഇലകളിൽ കണ്ണു വച്ചു
പ്രതാപം നഷ്ടപ്പെട്ട ഒരു രാജാവിന്റെ വേഷത്തിലായിരുന്നു പ്രിൻസ്
ഇലക്കറികളായി മണം പടർത്തി അനുപമ
നിളയെന്നെ വരച്ച ദിവസമാണു , അവളുടെ പടങ്ങളുള്ള പോസ്റ്ററുകൾ ഏതോ വലിയ ആളുകൾ കീറിക്കളഞ്ഞത്. ഞാനതും നോക്കി നിന്നു
ദേ, അവരെന്നെ ചവിട്ടി കടന്നു പോകുന്നു
നിള പറഞ്ഞു
നിള പറഞ്ഞു
അതെ മോളേ, നിന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ
ഇത്രയും കാലം ഞാനുമത് തന്നെയാണു പറഞ്ഞ് കൊണ്ടിരിക്കുന്നത്
എന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ
എന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ
കുഴൂർ വിത്സൻ
Temple of poetry
23/01/2018
Temple of poetry
23/01/2018
Labels: kuzhur, Kuzhur Wilson, nila, nila paintings, nila poem
മഞ്ഞ ലൈറ്റ്
( കടിക്കാടിനു )
വർഗ്ഗവഞ്ചകാ, മൈരേ
എന്നാണീ കവിത തുടങ്ങേണ്ടതെന്ന് പോയട്രീ മാഫിയ ടീമിനറിയാം
എനിക്കതിനാവില്ല എന്ന് നിനക്കെങ്കിലും അറിയാം
ഞാൻ തന്നെ ഒരു മാഫിയ ആയിരിക്കേ, ഞാനൊരു മാഫിയയുടെയും ആളല്ലെന്ന്
പറയേണ്ടതില്ലല്ലോ
പറഞ്ഞ് വന്നത് അതൊന്നുമല്ല
നമ്മൾ ആദ്യം കാണുമ്പോൾ
അബുദാബിയിലെ ബസ് സ്റ്റാന്റിനു പച്ചനിറമായിരുന്നു
അതിലെ മരങ്ങൾക്കും പച്ച നിറമായിരുന്നു
ഇന്നായിരുന്നെങ്കിൽ നമ്മൾ സെൽഫിയെടുത്ത് തകർത്തേനെ
അന്നൊക്കെ നമ്മൾ കവിത ചൊല്ലിയിരുന്നത് കാറിൽ വച്ചായിരുന്നു
കവിത മുറുകുമ്പോൾ സിഗ്നൽ വീഴുമായിരുന്നു
ഒരു ദിവസം നീ കവിത ചൊല്ലുകയായിരുന്നു
ശശി അത് പകർത്തുന്നുണ്ടായിരുന്നു
ഞാനത് കേൾക്കുന്നുണ്ടെന്ന് നടിക്കുന്നുണ്ടായിരുന്നു
പെട്ടെന്ന് സിഗ്നൽ വീണു
ചോപ്പ
നീ പറഞ്ഞു
പച്ച
ശശി പറഞ്ഞു
മഞ്ഞ മഞ്ഞ ഞാൻ പറഞ്ഞു
നീ പെട്ടെന്ന് കരഞ്ഞു
മഞ്ഞ മഞ്ഞയെന്ന് പറഞ്ഞാണു നീ കരഞ്ഞത്
ഞാനത് ഇന്നുമോർക്കുന്നു
മഞ്ഞ മഞ്ഞയെന്നും പറഞ്ഞാണു നീ കരഞ്ഞത്
ഇന്ന് കൊച്ചിയിൽ നിന്ന് കുഴൂർക്ക് വരുമ്പോൾ
എയർപോർട്ട് സിഗ്നലിൽ ഞാൻ കണ്ടു
ഒരു മഞ്ഞ ലൈറ്റ്
അതാണു പറഞ്ഞ് വന്നത്
എല്ലാ മഞ്ഞ ലൈറ്റുകളും
മഞ്ഞയല്ല എന്നാണു പറഞ്ഞ് വന്നത്
കുഴൂർ വിത്സൻ
Temple of
poetry
22/01/2018
Labels: കടിക്കാടിനു, കവിത, കവിതകൾ, കുഴൂര്, കുഴൂർ വിത്സൻ, മഞ്ഞ ലൈറ്റ്, kuzhur, Kuzhur Wilson
ഞായറാഴ്ച, ജനുവരി 14, 2018
വെള്ള ഷർട്ട്
( നടൻ വിനായകനു )
🌀
വെള്ള ഷർട്ട് വാങ്ങാനിറങ്ങി
കടയിലെ അയാൾ രണ്ട് മൂന്ന് വെള്ള ഷർട്ടുകൾ ഒരുമിച്ചെടുത്തിട്ടു
ഇത് 1050
സാറിനു നന്നായി ചേരും
ഇതിനോ
800
നല്ലതാ
അതോ
450
എല്ലാം കലക്കനാ
കുറഞ്ഞതൊന്നും ഇല്ലേ
ഒരു 150 –
200 റേഞ്ചിൽ
അയാളുടെ മുഖത്ത് ഒരു മറ്റേ ഭാവം
ഉണ്ടോ
ഉണ്ട് , പക്ഷേ
എവിടെ
അയാളുടെ മുഖത്ത് ഒരു തരം ചിരി
എവിടെ
ആ വെള്ള ഷർട്ട്
ഇവിടെയില്ല
ദാ,
ആ പൂക്കടയുടെ അടുത്ത്
ആ മൂലയ്ക്കെ
അയാളുടെ ചിരിയിൽ
ഒരു കുഴപ്പം
എന്താ
സാറേ
അത് ,അത് മരിച്ചവരിടുന്നതാ
ആഹാ
വില കുറഞ്ഞതിനാൽ
ആ വെള്ള ഷർട്ടിടുന്നവർ
മരിക്കുന്നതിനും മുന്നേ
മരിക്കുമോ
വില കൂടിയ വെള്ള
ഷർട്ടിട്ടവർ
മരിച്ചാലും ജീവിക്കുമോ
കൂടിയ കൂടിയ ഷർട്ടുകൾ ഇട്ടാൽ
മരിച്ചവർ ജീവിക്കുമോ
മരിച്ച വെള്ള ഷർട്ടും
മരിക്കാത്ത വെള്ള ഷർട്ടും
മുൻപിലങ്ങനെ തൂങ്ങി
ഒടുവിൽ ഒരു കറുത്ത ഷർട്ട് വാങ്ങി
വിലയോ ?
ഇല്ല, പറയാൻ മനസ്സില്ല
🌀
കുഴൂർ വിത്സൻ
Temple of poetry
13/01/2018
Labels: കവിത, കുഴൂർ, കുഴൂർ വിത്സൻ, പുതിയ കവിത, പുതു കവിത, മലയാള കവിത
ശനിയാഴ്ച, ജനുവരി 06, 2018
ഴ
കാണാതായത് ഴ യെ ആണു
സ യെ കാണാനില്ലെന്ന്
പി എൻ ഗോപീക്യഷ്ണൻ
മുൻപ് പരസ്യം ചെയ്തിരുന്നു
ലതീഷ് മോഹനാണെങ്കിൽ
ഋ വിനെക്കുറിച്ചാണു പാടിയത്
ഇ യെക്കുറിച്ച് ഞാനും
പക്ഷേ പറയേണ്ടത്
ഴ യെക്കുറിച്ചാണു
നോക്കൂ
ഇപ്പോൾ
മഴയിൽ
ഴ ഇല്ല
പുഴയിൽ
ഴ ഇല്ല
വഴിയിൽ
ഴ ഇല്ല
ഴ യെ
ഞാൻ തിരയാത്ത
ഇടമില്ല
നിഴലിൽ ഇല്ല
അഴയിൽ ഇല്ല
കുഴിയിലും ഇല്ല
വിഴുപ്പിൽ ചികഞ്ഞു
ഇല്ല
ഈ ഴ
എവിടെപ്പോയതായിരിക്കും
ഴ ഇല്ലാത്ത മഴകളിൽ
ഴ ഇല്ലാത്ത പുഴകളിൽ
ഴ ഇല്ലാത്ത വഴികളിൽ
ഒരു കൂട്ടം ആളുകൾ
ഇടറി ഇടറി നടക്കുന്നു
എന്നാലും
ഈ ഴ
എവിടെപ്പോയി
ഇടവഴിയിൽ ഇല്ല
ഴ പെരുവഴിയായോ
ഴ
ഇല്ലാത്തതിനാൽ
ആരെയും
പഴി പറയാനും പറ്റുന്നില്ല
ഴ യാണു ലോകമുണ്ടാക്കിയതെന്ന
അവകാശവാദം
ഇപ്പോൾ ഉന്നയിക്കുന്നതിന്റെ
രാഷ്ട്രീയത്തെക്കുറിച്ച്
നിങ്ങൾക്ക് സംശയമുണ്ടോ ?
മഴയിൽ വേണ്ട
പുഴയിൽ വേണ്ട
വഴിയിൽ വേണ്ട
കഴിക്കാൻ ഴ വേണ്ടേ ?
എന്നിട്ടുമെന്തിനാണു നമ്മൾ
ഴ യെ ഒരു വഴിക്കാക്കിയത്
ഴ യില്ലാത്ത ലോകത്ത്
എനിക്ക് വലിയ ബുന്ദ്ധിമുട്ടുകൾ
തോന്നിത്തുടങ്ങിയിട്ടുണ്ട്
ഴ യുടെ കൂടെ
വഴക്കും പോയതിലാണു സങ്കടം
അതിപ്പോൾ തഴക്കമായെങ്കിലും
ഴ യില്ലാതെ കുഴപ്പത്തിലായ
എന്നെ നോക്കി
ചിരിക്കുന്ന
നിങ്ങളെ
എനിക്ക് കാണാം
ഴ
ഇല്ലെങ്കിലും
കുഴപ്പമില്ല എന്നല്ലേ
കുഴപ്പമില്ല
ഴ യില്ല
മഴയില്ല
പുഴയില്ല
വഴിയില്ല
കഴിയില്ല
ഇല്ല
കുഴപ്പമില്ല
കുഴപ്പമില്ല
കുഴപ്പമില്ല
എന്ന മുദ്രാവാക്യം
പതുക്കെ
പറയാനെങ്കിലും
നമുക്ക് വേണം
ഴ
ചൊവ്വാഴ്ച, ജനുവരി 02, 2018
വൈകുന്നേരം

ഞങ്ങൾക്കൊരു കുടുംബക്കല്ലറയുണ്ട്.
അപ്പനു വേണ്ടി മൂത്ത ചേട്ടൻ വാങ്ങിച്ചത്
അമ്മ ഒടുക്കം ഉറങ്ങിയ അന്ന് ഞാനത് പുതുക്കി
അമ്മ ഒടുക്കം ഉറങ്ങിയ അന്ന് ഞാനത് പുതുക്കി
ഇടക്കിടെ അവിടെ പോയി നിൽക്കുന്നത് ഒരു സുഖമാണു
അപ്പനുമമ്മയും ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല
ഇപ്പോഴങ്ങനെ കാണാൻ എന്തോ ഒരു രസമുണ്ട്
ഒരു തരം സമാധാനമുണ്ട്
ഇപ്പോഴങ്ങനെ കാണാൻ എന്തോ ഒരു രസമുണ്ട്
ഒരു തരം സമാധാനമുണ്ട്
അകലെയെങ്ങാനും വച്ചുള്ള വല്ലാത്ത ഒരു മരണമല്ലെങ്കിൽ
ഞാനും കിടന്നുറങ്ങുക ഈ കല്ലറയിലായിരിക്കും
ഓർത്തപ്പോൾ നല്ല ഒരിത് തോന്നി
അന്നെന്നെ കാണാൻ
വരാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എന്തോ തോന്നി
ഞാനും കിടന്നുറങ്ങുക ഈ കല്ലറയിലായിരിക്കും
ഓർത്തപ്പോൾ നല്ല ഒരിത് തോന്നി
അന്നെന്നെ കാണാൻ
വരാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എന്തോ തോന്നി
ഞാനൊരു മെഴുതിരിയെടുത്ത്
എന്റെ കല്ലറയിൽ കത്തിച്ചുവച്ചു
അവിടെ നിന്നും കിട്ടിയ ചില്ലറ പൂവുകൾ അതിലൊക്കെ വിതറി
ചുറ്റിലും ചന്ദനത്തിരികൾ കുത്തി
എന്റെ കല്ലറയിൽ കത്തിച്ചുവച്ചു
അവിടെ നിന്നും കിട്ടിയ ചില്ലറ പൂവുകൾ അതിലൊക്കെ വിതറി
ചുറ്റിലും ചന്ദനത്തിരികൾ കുത്തി
മരിച്ച എന്റെ മുന്നിൽ ഞാൻ മുട്ടുകുത്തി
അപ്പോൾ സെമിത്തേരിയിലെ പരിചയക്കാരെല്ലാം എണീറ്റ് വന്ന് നീയെപ്പോൾ വന്നുവെന്ന് ചോദിച്ചു
ഉത്തരം പറയാതെ ഞങ്ങളിൽ നിന്ന് ഒരാൾ എണീറ്റ് പോയി
അപ്പോൾ അതാ, സെമിത്തേരിക്ക് മുൻപിലുള്ള ഇടവഴിയിലൂടെ ഒരു പെൺകുട്ടി ഓടിപ്പോകുന്നു

Labels: blog poems, kuzhur, kuzhur poetry, Kuzhur Wilson, malayalam poetry, poems
പൂവൊരു പൂമ്പാറ്റ
➤➤
കാടൊരു വീടാണു
വീടൊരു പാടമാണു
പാടമൊരു പാവമാണു
പാവമൊരു പാവലാണു
പാവലൊരു വേനലാണു
വേനലൊരു കായലാണു
കായലൊരു പായലാണു
പായലൊരു മത്സ്യമാണു
മത്സ്യമൊരു തേങ്ങലാണു
തേങ്ങലൊരു വാവയാണു
വാവയൊരു ഉമ്മയാണു
ഉമ്മയൊരു കുറുമ്പനാണു
കുറുമ്പനൊരു കറുമ്പനാണു
കറുമ്പനൊരു കിറുക്കനാണു
കിറുക്കനൊരു പറവയാണു
പറവയൊരു വാക്കാണു
വാക്കൊരു ചിറകാണു
ചിറകൊരു ചില്ലയാണു
ചില്ലയൊരു ചിതലാണു
ചിതലൊരു കൂടാണു
കൂടൊരു നാടാണു
നാടൊരു വേരാണു
വേരൊരു മരമാണു
മരമൊരു മതമാണു
മതമൊരു കടലാണു
കടലൊരു പെണ്ണാണു
പെണ്ണൊരു ആണാണു
ആണൊരു ചെടിയാണു
ചെടിയയൊരു കൊടിയാണു
കൊടിയൊരു തടിയാണു
തടിയൊരു കലയാണു
കലയൊരു കനിവാണു
കനിവൊരു കണ്ണാണു
കണ്ണൊരു സിന്ധുവാണു
സിന്ധുവൊരു പൂവാണു
Labels: അമ്മിണിക്കുള്ള പാട്ടുകൾ, കുഴൂർ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)