ബുധനാഴ്‌ച, ജൂലൈ 04, 2018


തൂപ്പുകാരി / തോറ്റവരുടെ പാട്ടുകുര്‍ബ്ബാന - അഞ്ച്


ഇലകളുടെ
ഭാഷ പഠിപ്പിക്കുന്ന
സ്കൂളിൽ ചെന്നപ്പോൾ
അവിടത്തെ
തൂപ്പുകാരി
പറഞ്ഞു

സർ,
ഞാനിവിടെ
പഠിക്കാനും
തുടർന്ന്
പഠിപ്പിക്കാനും
ചേർന്നതാണ്

അടർന്നു വീണ
ഇലകളെ
കൊഴിഞ്ഞു വീണ
ഇലകളെ
അടിച്ചു വാരലായിരുന്നു
എന്റെ
ആദ്യത്തെ
അസൈൻമെന്റ്

ഇലകളിൽ
ഗവേഷണം
കഴിഞ്ഞാൽ
ഇലകളുടെ
അമ്മ വീട്ടിലേക്ക്
സാറിനേപ്പോലെ
കാട്ടിലേക്ക്
പോകണം
എന്നു തന്നെയായിരുന്നു
എനിക്കും

ആരുമില്ലാത്ത
കരിയിലകളുടെ സങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാൽ
മതിയല്ലോ


ഞാനും
കാട്ടിലേക്കുള്ള
വഴി
മറന്നു


-
തുടരും


# Kandam Kulam Cross road Poems # calicut days # kuzhur # blog poetry

ചൊവ്വാഴ്ച, ജൂലൈ 03, 2018


തോറാന

തോറ്റവരുടെ പാട്ടുകുർബ്ബാന - ഭാഗം നാല് 


തോറാനയ്ക്ക് 
ആറാനകൾ
ഒഴുകിപ്പോവുമെന്ന്,
അത്രയ്ക്ക് ഊക്കായിരിക്കും
അന്നത്തെ മഴക്കെന്ന്
അത്രയ്ക്ക് ഒഴുക്കായിരിക്കും
അന്നത്തെ വെള്ളത്തിനെന്ന്
അമ്മ
പറഞ്ഞ് കേട്ടിട്ടുണ്ട്

ഇയ്യല്ലേ എന്റെ പള്ളീയെന്ന
ഒ.പി.സുരേഷിന്റെ വരികൾ
വായിച്ചത് മുതൽ
പള്ളി മറന്ന ഞാൻ
കണ്ടംകുളം ക്രോസ് റോഡിൽ
പള്ളി തിരഞ്ഞു

നല്ല മഴ

പെയ്യട്ടെ
ആറാനകൾക്ക് ഒഴുകാനുള്ളതാണ്

പൊടുന്നനെ
ആറാട്ടുപുഴ ഓർമ്മയിൽ ഒഴുകി
അതിന്റെ തീരത്ത്
വെയിൽ കാഞ്ഞ
ആറാനകൾ
ഇടിമിന്നലേറ്റ് മരിച്ച
കാഴ്ച്ച കണ്ടു

ഞാനുള്ളു കൊണ്ട്
പള്ളിയിൽ പോയി

നേരം തെറ്റിയ നേരത്ത്
ആ വലിയ പള്ളിക്കുള്ളിൽ
ഒത്ത നടുക്ക്
മുട്ടുകുത്തി

കുത്തേറ്റ് മരിച്ച
ഒരാൾ


പന്ത്രണ്ട് പേരിൽ ഒരാൾ

ആ തോമ
വടിയും കുത്തി
എന്റെ
മുൻപിൽ നിന്നു

എന്താണ് സങ്കടം

അയാൾ
നെറ്റിയിൽ തൊട്ടു

ഒന്നുമില്ല
ഞാൻ പറഞ്ഞു

അങ്ങ്
കുത്തേറ്റ്
മരിച്ച
ദിവസമാണിന്ന്
പഠിപ്പും
പത്രാസുമുള്ളവർ
ദുഖ്: റാന എന്നു പറയും

ഒന്നുമില്ല

ഞാൻ പറഞ്ഞു

ആറ് ആനകൾ ഇല്ല
അതിനൊഴുകാൻ
ആറുകളില്ല
ആറുകളെ ഒഴുക്കാൻ
മഴയില്ല

എങ്ങനെ ഒഴുകാനാണ്

എന്നിട്ടും
ഒറ്റയ്ക്ക് മുട്ടുകുത്തി
ഞാനെന്റെ
തോറ്റവരുടെ
പാട്ടുകുർബ്ബാന
ചൊല്ലാൻ തുടങ്ങി


തോറാന
തോറാന
തോറാന

പച്ചപ്പത്മവ്യൂഹത്തിനിടയിൽ
പെട്ടു പോയ
അഭിമന്യുവാണ്
ഞാനെന്ന്
പാടാൻ
വിട്ടു പോയി

ക്വയറിലെ
കോറസ്സിന്റെയലർച്ചയിൽ
അത് മുങ്ങിപ്പോയി

തോറാന
തോറാന
തോറാന

(തുടരും)




# കണ്ടംകുളം ക്രോസ്റോഡ് പോയട്രി # കാലിക്കറ്റ് ഡേയ്‌സ് # ജൂലായ് മൂന്ന് # ദുഖ്റാന # തോറാന

ഞായറാഴ്‌ച, ജൂൺ 24, 2018


തോറ്റവരുടെ പാട്ടുകുർബ്ബാന



ക്രൂശിക്കപ്പെട്ട മിശിഹായേ
ഇങ്ങകലെ
കോഴിക്കോടൻ മൈതാനങ്ങളുടെ
മെസ്സിത്തെരുവില്‍
നീ
ഒറ്റക്ക്
തലയും താഴ്ത്തി നടന്നു പോകുന്നു
കളിക്കളത്തിലെ കവിത
കാലുകൊണ്ട് കവിത എഴുതുന്നവൻ
പത്രമോഫീസുകളിലെ പച്ചപ്പേനകൾ
എത്രപെട്ടെന്നാണ്
ചുവപ്പൻ
അടിവരകൾ
തീർത്തത്
കവിതയുടെ കളിക്കളത്തിൽ എപ്പോഴും
ചുവപ്പുകാർഡ് മാത്രം കിട്ടുന്ന
കവികളുള്ള നാട്ടിലിരുന്നാണ്
നിനക്ക് ഞാന്‍ എഴുതുന്നത്



ഒരു ദിവസം നീ കോഴിക്കോട് വണ്ടിയിറങ്ങണം
കോഴിക്കോടിന്റെ തന്നെ വയസ്സുള്ള
മൊയ്തു വാണിമേൽ എന്ന പത്രക്കാരനെ
നിന്നെ ഞാൻ പരിചയപ്പെടുത്താം
നമുക്ക് അദ്ദേഹത്തിനെ കൂടെ
കോഴിക്കോട് മുഴുവൻ കറങ്ങണം
നിന്റെ കാലുകൾ ഇളക്കിമറിച്ച
മലാപ്പറമ്പിലും പുതിയറയിലും കല്ലായിയിലും
നമ്മളങ്ങനെ വാണിമേൽ കഥകൾ കേട്ട്
ചായയും കുടിച്ചിരിക്കും



കടലോരത്ത്
മീസാൻ കല്ലുകൾ
നിറഞ്ഞ ഒരു പള്ളിക്കാടുണ്ട്
കളിക്കളത്തിൽ മരിച്ച
നിരവധി ആത്മാക്കളുടെ
കാല്‍ക്കവിതകള്‍
പച്ചകുത്തിയിരിക്കുന്ന
കബറിടങ്ങൾ
അതിന്റെ ചാരെ
ചാഞ്ഞു നിന്ന്
മഴ കൊള്ളുന്ന
മൈലാഞ്ചിമരങ്ങളെ
നിനക്ക് വിമാനത്തില്‍ ഇരുന്ന് തന്നെ കാണാം
അവിടെ ഒറ്റയ്ക്ക് മുട്ടുകുത്തി
നിനക്ക് ഞാൻ തോറ്റവരുടെ കുർബ്ബാന ചൊല്ലും

ഭാഗം രണ്ട്



Masterbation in the time of Nipa fever
ഈ തലക്കെട്ടിൽ അയാൾ
ഒരു നോവൽ എഴുതുന്നതിനിടയിലാണ്
ഞാൻ വിളിച്ചത്
പാരീസിലാണെന്നും
സുഖമാണെന്നും
മകളോടൊപ്പം
വൈകുന്നേരങ്ങളിൽ
കോക്ടെയ്ൽ കഴിക്കാൻ
പോകാറുണ്ടെന്നും
ആളെന്നോട്
ആവേശത്തോടെ പറഞ്ഞു
ഇങ്ങനെയൊരു സീൻ
എവിടെയോ
വായിച്ചിട്ടുണ്ടല്ലോയെന്ന്
ഞാൻ മിണ്ടാതായപ്പോൾ
അത്രയും മൗലികമായ
ഒരു നിമിഷത്തെ
മറ്റൊരെഴുത്തുകാരൻ
സംശയിച്ചതിലുള്ള
ആധിയോടെ
അയാളും കുറച്ചിട
മിണ്ടാതായി
ഞാനയാളോട്
അയാളുടെ നാട്ടിലെ
നഗരത്തിലേക്കുള്ള
എൻ്റെ വരവിനെക്കുറിച്ച്
പറയാൻ തീരുമാനിച്ചു
ടെഹ്റാന്
നൂറു കിലോമീറ്റർ
അകലെയുള്ള ഒരു ഗ്രാമം
വലിയ ആകാശത്ത്
ഒന്നോ രണ്ടോ കാക്കകൾ
പറക്കും പോലെയുള്ള
കാഴ്ചയായിരുന്നു
അത്
നിങ്ങളുടെ
നഗരത്തിൽ നിന്നും
നൂറു കിലോമീറ്റർ മാറി
ഒരു ഗ്രാമത്തിൽ
തട്ടമിട്ട രണ്ടു പെൺകുട്ടികൾ നടന്നു പോകുന്നു
നിങ്ങൾ വായിച്ചിട്ടുണ്ടോ
എന്നറിയില്ല
Chengat Hasainar
ഹസ്സൻ്റെ ഒരു കവിതയുണ്ട്
സമീറ മക്മൂൽമഫിനെ ഞാൻ പ്രേമിക്കും
എന്നാണ് തലക്കെട്ട്
അവൻ്റെ ഉമ്മയും സമീറയും അരീക്കോടങ്ങാടിയിലൂടെ
നടക്കുന്നതാണ് സംഭവം
നോമ്പ് തുറന്ന്
തലപ്പാവിട്ട ചെക്കന്മാർ
കട്ടൻചായ
കുടിക്കുന്നതിനിടയിൽപ്പെട്ട്
എനിക്കൊരു
സിഗരറ്റ് വലിക്കാൻ
മുട്ടിയെന്ന്
പറഞ്ഞാൽ മതിയല്ലോ
അതേ
നിലാവുള്ള ആ രാത്രിയിലാണ്
ഞാൻ നിങ്ങളുടെ നാട്ടിലേക്ക് വന്നത്
നോമ്പിൻ്റെ അവസാന പത്തിൻ്റെ ആദ്യദിവസത്തിൻ്റെ തൊട്ട് തലേന്ന്
പറഞ്ഞിട്ടെന്ത്
നിങ്ങളുടെ നഗരം
പനി പിടിച്ച്
കിടക്കുകയായിരുന്നു
കവിതയുടെ
പ്രണയത്തിൻ്റെ
പച്ചപ്പിൻ്റെ
എല്ലാ പ്രാദേശിക മന്ത്രിമാരെയും
ഞാൻ
മാറി
മാറി
വിളിച്ചു
മിഠായിത്തെരുവിൽ
മഴകൊണ്ട്
ഒറ്റക്ക് നിൽക്കുന്ന
എസ് കെയുടെ പടം
എഫ് ബിയിൽ പോസ്റ്റി
ഞാൻ കവിതയുടെ
മന്ത്രിയെ വിളിച്ചു
അദ്ദേഹമപ്പോൾ
മൈസൂരിലായിരുന്നു
പനി മാറിയാൽ
തിരിച്ചു വരുമെന്നും
നിങ്ങൾ കാണിച്ചിരിക്കുന്നത് ആനമണ്ടത്തരമാണെന്നും
പറഞ്ഞു
അദ്ദേഹം ഒരധ്യാപകൻ
കൂടിയായത് കൊണ്ട്
ഞാനത് അംഗീകരിച്ചു

അത് പറയാൻ മറന്നു
നിങ്ങളുടെ നഗരത്തിന്
പനി പിടിച്ച്
എല്ലാരും അതിനെ ഉപേക്ഷിച്ച് ദൂരദേശങ്ങളിലേക്ക് പോയപ്പോൾ
ഞാൻ
വളരെ അകലെയുള്ള
മറ്റൊരു നഗരം പോലെയൊരു ഗ്രാമത്തിൽ
മറ്റൊരു എഴുത്തുകാരനെ
കാണാൻ
പോയിരുന്നു
നിങ്ങളിപ്പോൾ
പനി പിടിച്ച
ആ നഗരത്തിൽ
നിന്നാണോ വരുന്നത്
എന്നൊരു സംശയം
അയാളുടെ സ്വീകരണത്തിൽ
ഉടനീളം
ഉണ്ടായിരുന്നു

ഭാഗം മൂന്ന് 


വിത്ത്
എന്ന്
പത്ത്
വട്ടമെഴുതി
ഒമ്പതെണ്ണം
മണ്ണിൽ
കുഴിച്ചിട്ടു
( ഒരെണ്ണം
പാറപ്പുറത്ത്
വീണതാണ്.
കവിത
തുടങ്ങും
മുന്നേയുള്ള
നിങ്ങളുടെ
കണക്ക്
കൂട്ടൽ
ഞാൻ
കണ്ടു )
വെള്ളം
എന്നെഴുതി
ചോട്ടിലൊക്കെയൊഴിച്ചു
പച്ചിലവളം
എന്നെഴുതി
മുട്ടിലിട്ടെങ്കിലും
അതിൽ നിന്ന്
കുരുടാന്റെ
മണമടിച്ചു
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
ഇലകൾ
എന്നെഴുതി
വയ്ക്കും മുന്നേ
ഇലകളിൽ
തൊടരുത്
എന്നെഴുതി വച്ചു
വായിക്കാനറിയാത്ത
ചിത്രശലഭങ്ങൾ
വന്ന്
അവിടൊക്കെ
ചുറ്റിക്കറങ്ങി
പൂമ്പാറ്റകൾ
പൂമ്പാറ്റകൾ
എന്നാണ്
ഞാൻ
എഴുതാൻ
വച്ചിരുന്നത്
ചിത്രശലഭങ്ങൾ
ഇടയ്ക്ക് കയറി
( തുടരും )


# जस्ट मिस्सी # just missi #
- - - - - - - - - - - - - - - - - - - - - - - -
# കണ്ടംകുളം ക്രോസ് റോഡ് പോയട്രീ, #കാലികറ്റ് ഡേയ്സ്
Kandamkulam Crorss Raod poems # Calicut Days #
# New poem, Kuzhur Wilson, Temple #
#തോറ്റവരുടെ പാട്ടുകുർബ്ബാന # photo by Shiju Basheer


കിളി പോയി


മഴ കഴിഞ്ഞ
പാതിരാത്രിയിൽ
വേറെയാരെയും കൂട്ടാതെ
വിരിഞ്ഞ റോഡിലൂടെ
പറന്നങ്ങനെ
ആകാശം
നോക്കി നടക്കുമ്പോൾ
ദേ , ഒരു ബോർഡ്

Sparrow Trading

അത് കൊള്ളാം

കുരുവിക്കച്ചവടം
പക്ഷി വ്യാപാരം
പറവകൾ വിൽക്കപ്പെടും

വിവർത്തകൻ എന്ന നിലയ്ക്ക്
റാ ഷാ എന്ന രവിശങ്കറിനേയും
ആൽബർട്ടോ കെയ്റോ എന്ന
ബാബു രാമചന്ദ്രനേയും
ട്രോളാൻ തീരുമാനിച്ചു

ഞാനാ
കുരുവി ഫാക്ടറിയിലേക്ക് ,
പക്ഷി മാർക്കറ്റിലേക്ക് ,
പറവകളുടെ
ഹോൾസെയിൽ കേന്ദ്രത്തിലേക്ക്
ബെല്ലടിക്കാതെ കയറിച്ചെന്നു

ഒരൊറ്റ
കുരുവിക്കുഞ്ഞിനെപ്പോലും
ഉണർത്തരുതെന്ന
നിർബന്ധമുണ്ടായിരുന്ന ആ ഞാൻ
ഒച്ചയുണ്ടാക്കാതെ
അനങ്ങാതെ
ഒന്നുമേ
ചിന്തിക്ക പോലും
ചെയ്യാതെയാണ്
ചെന്ന് കേറിയത്

ഗേറ്റിൽ
പറവയില്ല
പാറാവുകാരൻ
പഴയ പട്ടാളക്കാരൻ
എന്തൊരുറക്കം

മുന്നോട്ട് തന്നെ നടന്നു
ആരുമില്ല

ആ രണ്ട് പൂച്ചക്കണ്ണുകൾ എവിടെപ്പോയി

ജനൽ
പതിയെ
തള്ളി
ഞാനൊളിഞ്ഞു നോക്കി

അറിയാത്ത
ഏതോ
ഒരു ഭാഷയിൽ
ഒരു പയ്യൻ
സകല വ്യാകരണവും
തെറ്റിച്ച്
തളർന്നുറങ്ങുന്നു

ഭായ് ഭായ്
പറവകൾ കേൾക്കാതെ ഞാൻ വിളിച്ചു


ഏതോ
ഒരു ഭാഷ
കണ്ണും
തിരുമ്മി
എണീറ്റു വന്നു

വല്ലാതെ പാവം തോന്നി

കുറ്റബോധത്താലും,
ശബ്ദം താഴ്ത്തിയും
ഞാനവനോട് ചോദിച്ചു

കിളികൾ ?

അവൻ പറഞ്ഞു

കിളി പോയി

കിളി പോയി ?

കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി കിളി പോയി 

ലോകത്തിലെ
മുഴുവൻ മനുഷ്യരും ചേർന്ന്
പല ഭാഷയിൽ പാടുകയാണ്

കിളി പോയി എന്ന്

ഒന്നും പറവാനില്ല


# പിന്നെ ഞാൻ ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്
പോയ കിളിയെ തെരയുക എന്നതൊഴിച്ച്

ബുധനാഴ്‌ച, ജൂൺ 13, 2018


പതിമ്മൂന്ന്



തൊള്ളായിരത്തി പതിമ്മൂന്നാം  നമ്പര്‍  മുറിയുടെ
താക്കോല്‍  തരുമ്പോള്‍
മാനേജരുടെ  മുഖത്ത്
പേടിയുള്ള ഒരു  ചിരിയുണ്ടായിരുന്നു
നടന്ന് കയറേണ്ട
ഒമ്പത് നിലകളുടെ  കിതപ്പുണ്ടായിരുന്നു

മരിക്കാനൊരുങ്ങി   വന്നവന്
എന്ത്   പതിമ്മൂന്ന്   
എന്ത്  തൊള്ളായിരത്തി  പതിമ്മൂന്ന്
എന്നൊരു   ആത്മഗതം
മറുപടിയായി   വായുവില്‍    കാച്ചിയിരുന്നു

അങ്ങനെയിരിക്കെ
ഒരു  പതിമ്മൂന്നാം   തിയതി
പതിമ്മൂന്നില്‍  അവസാനിക്കുന്ന  ടിക്കറ്റിനു
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  മുറിയിലേക്ക്
പത്തമ്പത്  ലക്ഷം  ലോട്ടറിയടിച്ചു

ഒമ്പതാം നിലയിലെ
പതിമ്മൂന്നാം  നമ്പര്‍ മുറിയിലേക്ക്
ബാങ്കുകാര്‍
പൂച്ചെണ്ടുകളുമായി  വന്നു
പത്രക്കാര്‍   ചോദ്യങ്ങളുമായി  വന്നു
കൂട്ടുകാര്‍   കുപ്പികളുമായി   വന്നു
ചെറുപ്പക്കാര്‍
പുത്തന്‍  പ്രൊജക്ടുകളുമായി  വന്നു

നാട് വിട്ട് കുറേക്കാലമായി
ഒരു വിവരവുമില്ലാതിരുന്ന വകയിലെ ചേട്ടന്‍
ഒമ്പതാം നിലയിലെ
പതിമ്മൂന്നാം നമ്പര്‍ മുറി
കണ്ട് പിടിച്ച് മുകളില്‍ എത്തിയതായിരുന്നു
പരമ്പരയിലെ ഏറ്റവും നല്ല ഹൈലേറ്റ്


എപ്പോഴും  പൂട്ടായി  പോകുന്ന
ലോക്കിനു  പകരം
പുത്തനൊന്ന്  നിധി  പോലെ  കൈമാറും നേരം
മാനേജര്‍   പറഞ്ഞു

സാറു  വന്നത്  നന്നായി
ഞാനീ  മുറിക്ക്
പന്ത്രണ്ട്  ( രണ്ട് )  എന്നോ
പതിനാലു  ( രണ്ട് )  എന്നോ
പേരിടാന്‍  പോവുകയായിരുന്നു

ആഹാ,  അതു ശരി
ഞാനിപ്പോള്‍ 
ഒമ്പതാം നിലയിലെ
ഈ മുറിക്ക്
പതിമ്മൂ‍ന്ന്  ഒന്നാമന്‍
എന്ന്  പേരിടാന്‍  പോവുകയാണു

അതേക്കുറിച്ചും
ഒരു  കവിതയെഴുതാന്‍  പോവുകയാണു


13/ 06/2018

 kozhicut poems # calikode poetry # കണ്ടംകുളം ക്രോസ് റോഡ് കവിതകള്‍ # 


ഞായറാഴ്‌ച, മേയ് 20, 2018


ഭാഗ്യം


ഭാഗ്യം

🖤

ഞങ്ങളുടെ നാട്ടിലെ കൊലകൊമ്പന്മാരെല്ലാം 
ഭാഗ്യത്തിന്റെ കാരുണ്യത്തിൽ അഭയം തേടി


വീടു പൂട്ടി പുറത്തിറങ്ങിയാൽ 
കാര്യമെത്തും മുൻപ്
ഒരു പത്തു പതിനഞ്ച് 
ഭാഗ്യമെങ്കിലും തേടിവരുമെന്ന നിലയായി


എത്ര നിശബ്ദമായാണു 
ഈ ഭാഗ്യം വരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു


പണ്ടൊക്കെ എന്തൊരു ഒച്ചയായിരുന്നു
നാളെയാണു നാളെയാണു 
എന്ന അതിന്റെ പാട്ട് എന്ത് രസമായിരുന്നു


പതുക്കെ പതുക്കെ നാളെ ഇന്നായി

ഇന്നാണു ഇന്നാണു 
എത്ര വട്ടം കൂടെ പാടിയിരിക്കുന്നു


ഇപ്പോൾ
എത്ര ഏകാന്തമായാണു
എത്ര നിശബ്ദമായാണു
ഭാഗ്യം വരുന്നത്


അതിനു മിണ്ടാനേ വയ്യ

അതിനു അതിനോട് തന്നെ നല്ല പുച്ഛമുണ്ട്
എടിഎം കൗണ്ടറിനു കാവൽ നിൽക്കുന്ന പഴയ പട്ടാളക്കാരനേക്കാൾ അതു ചുരുണ്ട് കൂടിയിരിക്കുന്നു


ഭാഗ്യത്തിന്റെ ഒച്ചയൊക്കെ എവിടെപ്പോയി

ഭാഗ്യത്തിനു ഒച്ചയില്ലെന്നാണോ
ഭാഗ്യം തന്നെ ഇല്ലെന്നാണോ


🖤

ബുധനാഴ്‌ച, മേയ് 16, 2018


താ മ ര


( മധുസൂദനന്‍ നായര്‍ക്കും, പ്രഭാ വര്‍മ്മയ്ക്കും )






എത്ര 
അഴുക്കിലാണു
നാം 
വിരിഞ്ഞ് 
നിൽക്കുന്നത്


രാഹുൽ ഗാന്ധി


എനിക്കയാളെ പരമ പുച്ഛമായിരുന്നു
അടിമുടി ഒരമുൽ ബേബി
ന്യൂസ് റൂമിലും  വാക്ക് തർക്കങ്ങളിലും
ഞാനയാളെ കണക്കിനു കളിയാക്കി

ഒരു ദിവസം  ആ അമുൽ ബേബിയെ
കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് ആക്കിച്ചിരിച്ച്
ഞാനങ്ങനെ കത്തിക്കയറുകയായിരുന്നു

പൊടുന്നനെ ഒരശരീരി
എന്നെ വലിച്ച് നിലത്തിട്ടു
അതിങ്ങനെ മുഴങ്ങി

കളിയാക്കിയില്ലേ,
അമൂൽ ബേബിയെന്ന്
ഇളം തൊണ്ണ കാട്ടി
അമ്മൂമ്മേയെന്ന് കൊഞ്ചിയ ആ കുഞ്ഞില്ലേ,
അതിന്റെയാത്മാവിന്റെ ഉടൽ തുളച്ച
വെടിയുണ്ടകളുടെ ഒച്ചയെങ്കിലും കേട്ടിട്ടുണ്ടോ
അച്ഛായെന്ന് വിളിച്ച് ഓടിച്ചെല്ലുമ്പോൾ
മാലപ്പടക്കം  പോലെ പൊട്ടിയ ദേഹത്തിൽ നിന്ന്
കുഞ്ഞുടുപ്പിൽ ചോര പറ്റിയിട്ടുണ്ടോ


പൊട്ടി കത്തി ചിതറിയ എന്നിൽ
വെള്ളം ഇറ്റിക്കുകയാണു  
അശരീരി

പരമമായ എന്റെ  പുച്ഛത്തിനു
ചെറുതായി നീറ്റലുണ്ട് ഇപ്പോൾ

വ്യാഴാഴ്‌ച, ഏപ്രിൽ 12, 2018


സൂചി


📌


നീയുള്ള ദിവസങ്ങളിൽ കലണ്ടറിൽ ഒരു സൂചിയെങ്കിലും ഉണ്ടാവുമെന്നോർത്ത് അത് തിരയുകയായിരുന്നു
ഒരു കള്ളിയിലും സൂചിയില്ല
എന്നാലുണ്ട് സൂചിയുടെ ഒരു കുത്ത്
ഞാനാ കള്ളി നോക്കി
നമ്മുടെ വിവാഹദിനം

മഴ പെയ്യുന്നു
ഇടിവെട്ടുണ്ട്
മിന്നലും

ഞാനൊരു കടത്തിണ്ണയിൽ കയറി നിന്നു
വഴിയിലൂടെ നീയുള്ള ഒരു വണ്ടി നനഞ്ഞ് പേടിച്ച് പോകുന്നു
പിന്നെയും ഇടിമിന്നുന്നു
ചെറുതായി പേടിയാകുന്നു
വണ്ടിയോടിക്കുമ്പോൾ ഇടിമിന്നൽ ഏൽക്കുന്നതായി സ്വപ്നം കാണുന്നു
മിന്നലേറ്റ് മരിച്ചാൽ എങ്ങനെയിരിക്കും എന്ന് ഉത്കണ്ഠപ്പെടുന്നു
നിന്റെ ശാപം ഫലിക്കുമല്ലോ എന്നോർത്ത് ദേഷ്യം വരുന്നു
വീട്ടിൽ വരുന്നു

എല്ലാ നീകളേയും മായ്ച്ച് കളയുന്നു
എല്ലാ സൂചികളും കാണാതാവുന്നു

അതിരാവിലെ സൂചി തിരയുന്നു. സൂചി തിരയുന്നു. കലണ്ടറിലെത്തുന്നു. നിന്റെ കുത്ത് കാണുന്നു. കാലിൽ കൊണ്ട മുള്ള് അത് പോലെയിരിക്കുന്നു

📌

വ്യാഴാഴ്‌ച, മാർച്ച് 29, 2018


കുന്നിൻമുകളിലെ ചെമ്പകമരം























കുന്നിൻമുകളിലെ ചെമ്പകമരം

# # #

കുന്നിന്മുകളിൽ ഒരു ചെമ്പകമരം

ഞാനതിനെ പറ്റിക്കൂടി

അടുക്കേണ്ട പൊന്നേ
കുന്നിറങ്ങുമ്പോൾ സങ്കടമാവും
അതു പറഞ്ഞു

നിനക്ക് പകരം
ഞാനിവിടെ പൂത്ത് നിൽക്കുമെന്നും
എനിക്ക് പകരം നീ
കുന്നിറങ്ങുമെന്നും
ഞങ്ങളങ്ങനെ ഉടമ്പടിയുണ്ടാക്കി

ഞാനിപ്പോൾ പൂത്തുനിൽക്കുകയാണു
കുന്നിൻ മുകളിൽ

മഴ ചാറുന്നുണ്ട്

ഞാനായി കുന്നിറങ്ങിയ
ആ ചെമ്പകമരം
ഇപ്പോഴെവിടെ

# # #

ബസ് കാത്തു നിൽക്കുന്ന ചെമ്പകമരം
സിഗരറ്റ് വലിക്കുന്ന ചെമ്പകമരം
എന്തോ ഓർക്കുന്ന ചെമ്പകമരം
ഷെൽവിയെ വായിക്കുന്ന ചെമ്പകമരം
പൊട്ടിച്ചിരിക്കുന്ന ചെമ്പകമരം
മിണ്ടാതിരിക്കുന്ന ചെമ്പകമരം
ഒച്ചയിൽ കുളിക്കുന്ന ചെമ്പകമരം
മെഴുതിരി കത്തിക്കുന്ന ചെമ്പകമരം
മരിച്ചവരുടെ കൂടെ സെൽഫിയെടുക്കുന്ന ചെമ്പകമരം
നെടുവീർപ്പിടുന്ന ചെമ്പകമരം
നാട് വിടാനൊരുങ്ങുന്ന ചെമ്പകമരം
ചായ തിളപ്പിക്കുന്ന ചെമ്പകമരം

# # #

കുന്നിന്മുകളിൽ ഞങ്ങൾ ഒറ്റയ്ക്കായി 

# # #

Poetry by Kuzhur Wilson, Painting by Boban Vijay 




ഞായറാഴ്‌ച, ഫെബ്രുവരി 25, 2018


മറൂട്ടി


മറൂട്ടി

(കാൽ നൂറ്റാണ്ട് എന്നെ സഹിച്ച സി എസ് പ്രദീപിനു )


ഞങ്ങളുടെ വീട്ടിൽ പശു പെറാറുണ്ട്
ക്ടാവിന്റെ കൂടെ മറ്റൊരു  കുട്ടി കൂടെയുണ്ടാകും
അമ്മയതിനെ മറൂട്ടി എന്ന് വിളിക്കും
തള്ളപ്പശു മറൂട്ടി തിന്നാതിരിക്കാൻ ഞാൻ
പല തവണ കാവൽ നിന്നിട്ടുണ്ട്
ആരും കാണാതെ മറൂട്ടി
തോട്ടിൽ കൊണ്ട് പോയി കളയുന്നത് ചേട്ടന്മാരാണു

എന്റെ മറൂട്ടി ചത്ത് പോയിട്ടില്ലെന്ന് ഇപ്പോൾ ഞാൻ ഭയപ്പെടുന്നു



കുഴൂർ വിത്സൺ
Temple of poetry
26/02/2018

വ്യാഴാഴ്‌ച, ജനുവരി 25, 2018


പരുന്ത് രാഘവൻ

                                                                         പരുന്ത് രാഘവൻ

( പി എൻ ഗോപീകൃഷ്ണനു )

 


പരുന്തുകളുമായി രാഘവനു ഒരു ബന്ധവും ഇല്ലായിരുന്നു

ഒരു ഇന്ത്യൻ പരുന്ത് ലോകം ചുറ്റി തിരിച്ച് വന്ന് അവാർഡ് വാങ്ങുന്ന വേളയിൽ ചായക്കടയിലെ പത്രം വായനക്കാർ പരുന്ത് രാഘവനോട് ചോദിച്ചു

ഈ ഇന്ത്യൻ പരുന്തുകൾ ദേശീയതയെ അംഗീകരിക്കുന്നുണ്ടോ

നാരായണ ഗുരു പരുന്തുകളെപ്പറ്റി പറഞ്ഞത് ഒന്ന് കൂടി ഇരുത്തി വായിക്കാനായിരുന്നു പരുന്ത് രാഘവന്റെ മറുപടി

 

അന്ന് ചായ കുടിക്കുമ്പോൾ പരുന്ത് രാഘവൻ പതിവിലും അസ്വസ്ഥനായി കാണപ്പെട്ടു

 

ഇനി പരുന്ത് രാഘവൻ എന്ന പേരിലേക്ക് വരാം

പരുന്ത് രാഘവൻ ഒരു അർദ്ധനിരീശ്വരനാണു

പ്രപഞ്ചം മനുഷ്യഭാവനയാണെന്നാണു  രാഘവന്റെ ഒരു ന്യായം

പ്രപഞ്ചത്തിലെ ഒരാൾക്ക് രാഘവൻ എന്ന പേരു വന്നത് നിമിത്തമാണെന്ന വിശ്വാസമാണു മറ്റൊന്ന്

വാക്കുകളാൽ അർദ്ധനിരീശ്വരനാകുന്ന രാഘവനെ കാണാൻ നല്ല രസമാണു

 

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ രാഘവൻ നാടു വിട്ടു . ആദ്യം എറണാകുളം, പിന്നെ മദ്രാസ്, ബോംബേ, ദുബായ്, ടാൻസാനിയ, അയർലൻഡ്…

രാഘവനു നാട്ടുകാർ ചിറക് കൊടുത്തു.   പരുന്ത് രാഘവൻ

 

ഇനി യഥാർത്ഥത്തിലുള്ള പരുന്തുകൾ രാഘവനെ കാണാനിരിക്കുന്നുണ്ട്

 

അന്ന് പരുന്തുകൾ രാഘവനാകുമോ

രാഘവൻ പരുന്താകുമോ

 

പ്രപഞ്ചത്തിന്റെ ദേശീയതയെക്കുറിച്ച് പരുന്ത് എന്നാകുമോ അതിന്റെ പരസ്യവാചകം

 

അന്നാണു ഈ കവിത അവസാനിക്കുക

 

 

കുഴൂർ വിത്സൻ

Temple of poetry

26/01/2018

 


 

ബുധനാഴ്‌ച, ജനുവരി 24, 2018


പാവക്കുട്ടികൾ


( എനിക്ക് )

പൂച്ചക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഒരു പാവയുണ്ടായിരിക്കുക അതിനെ മറന്ന് വയ്ക്കുക അത് ഒറ്റയ്ക്കാവാൻ ഇടയുള്ള ഇടങ്ങളിലെല്ലാം തിരയുക എന്നിട്ടതിനെക്കുറിച്ച് കരയുക എന്ന അതി കാൽപ്പനികമായ സ്വപ്നം ഉണ്ടാവുകയും പാവയില്ലാത്ത കുട്ടിക്കാലം ഉണ്ടാവുകയും ചെയ്തതിനാൽ കവിതയിൽ നിറയെ പാവക്കുഞ്ഞുങ്ങളെ ഉണ്ടാക്കി. ആ പാവക്കുഞ്ഞുങ്ങളെ ഊട്ടിയതും ഊഞ്ഞാലാട്ടിയതും ഉറക്കിയതും നോക്കിയതുമൊക്കെ ആ കവിതകൾ വായിച്ചവരാണു.

ഞാനില്ലാത്ത ടൈമിൽ അവരെ നോക്കിയത് അവരാണു

ചിലർ അവർക്ക് മുടി പിന്നി കൊടുത്തു
ചിലർ അവർക്ക് പൊട്ടു തൊടുവിച്ച് കൊടുത്തു
ചിലർ അവരുടെ കണ്ണെഴുതി
വലിയ മുലകളുള്ളവർ അവർക്ക് മാമു കൊടുത്തു

കുടിയന്മാരായ ചില ആരാധകർ
അവർക്ക് പാവക്കുട്ടികളെ വരെ കൊണ്ടു കൊടുത്തു

സ്വന്തമായി പാവക്കുട്ടികളെ വളർത്തുന്നതിനേക്കാൾ എത്രയോ പാടാണു കവിതയിൽ പാവക്കുട്ടികളെ വളർത്താൻ എന്നാണു പറഞ്ഞ് വന്നത്


കുഴൂർ വിത്സൻ
Temple of poetry
24/01/2018

ചൊവ്വാഴ്ച, ജനുവരി 23, 2018


ടൂർ


(കവി വിഷ്ണുപ്രസാദിനു )

അടുത്തുള്ള സ്ഥലങ്ങളിലേക്ക് ടൂർ  പോകേണ്ടി വരുന്നതിൽ സങ്കടപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു
ദൂരേക്ക് ദൂരേക്ക് പോയിട്ടും ആ സങ്കടം മുതിർന്നു
അപരിചിതമായതിൽ മാത്രം ആനന്ദമനുഭവിക്കുന്ന ഒരാളും കൂടെ വളർന്നു
അടുത്തുള്ളവയെല്ലാം അപരിചിതമായെങ്കിലെന്ന് ആൾ  ത്രീവമായി ആഗ്രഹിച്ചു
ബോറടിയുടെ ദൈവം ആളിൽ  കനിഞ്ഞു
എല്ലാ ഇടങ്ങളും ഒരു പോലെ ആൾക്കപരിചിതമായി
അറിയാതെയാണെങ്കിലും  ആൾ പരിചിതമായ ഇടങ്ങളിൽ ആനന്ദത്തോടെ 
ടൂറടിക്കാൻ തുടങ്ങി 


കുഴൂർ വിത്സൻ
Temple of poetry
23/01/2018